പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ളതാകണം യഥാര്‍ഥ വികസനം: മന്ത്രി ബിന്ദു കൃഷ്ണ ‘സുസ്ഥിര കൊല്ലം' പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാര്‍ത്ഥ വികസനമെന്നും ‘സുസ്ഥിര കൊല്ലം’ പദ്ധതിയില്‍ അതാണ് സാധ്യമാക്കുന്നതെന്നും തൊഴില്‍, വനിത-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം മണ്ഡലത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സ്ഥലം എം എല്‍ എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംയോജിത ജനകീയ വികസന പദ്ധതി 'സുസ്ഥിര കൊല്ലം' ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും കൊല്ലം തണ്ണീര്‍ത്തട അറ്റ്ലസ് പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
'സുസ്ഥിര കൊല്ലം' വെറുമൊരു പദ്ധതിയല്ല. ഭാവിയെ കുറിച്ചുള്ള സമഗ്ര വികസന കാഴ്ചപ്പാടാണ്. ഇത് കൊല്ലത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും പദ്ധതിയാണ്. മണ്ണ്, ജലം, തണ്ണീര്‍ത്തടങ്ങള്‍, ഹരിതമേഖകള്‍, പൊതുവിടങ്ങള്‍ എന്നിവ കൃത്യമായി വേര്‍തിരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂവിനിയോഗ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സുസ്ഥിര കൊല്ലം പദ്ധതി പ്രധാനമായും എട്ട് ഉപപദ്ധതികളിലൂടെയാണ് നടപ്പാക്കുന്നത്. ജലസംരക്ഷണവും ഭൂഗര്‍ഭജല വിതാനം ഉയര്‍ത്തലും ലക്ഷ്യമിടുന്ന ‘വാട്ടര്‍ പോസിറ്റീവ് കൊല്ലം', ശാസ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന ‘സീറോ വേസ്റ്റ് കൊല്ലം', പൊതുമന്ദിരങ്ങളെയും തെരുവുകളെയും ഹരിതോര്‍ജത്തിലേക്ക് മാറ്റുന്ന ‘ഊര്‍ജ കൊല്ലം', കാര്‍ഷിക വികസനവും നഗര ഹരിതവത്കരണവും സമന്വയിപ്പിക്കുന്ന ‘ബ്ലൂ - ഗ്രീന്‍ കൊല്ലം' എന്നിവയാണ് പ്രധാന പാരിസ്ഥിതിക ഇടപെടലുകള്‍. ഇതിനുപുറമെ ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി സുസ്ഥിര തെരുവുകളും പാര്‍ക്കുകളും ഒരുക്കുന്ന ‘ആരോഗ്യ കൊല്ലം', പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലൂടെ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ‘ഗ്രീന്‍ ലൈവ്‌ലിഹുഡ്', സംരംഭകത്വത്തിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്ന ‘വനിതാ സൗഹൃദ കൊല്ലം' എന്നീ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളും ഉള്‍പ്പെടുന്നു. കൊല്ലം പോര്‍ട്ട് വികസനവും സുപ്രധാന ഉപപദ്ധതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ , വിവിധ വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരെ ഫലപ്രദമായി ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തില്‍ ജി ഐ എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിഭവ സര്‍വെ നടത്തി ഭൂവിനിയോഗ വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കും.
വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ വികസനകാര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ എ കെ ഹഫീസ് പറഞ്ഞു. ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നും വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്‍, കൗണ്‍സിലര്‍ കുരുവിള ജോസഫ്, ലാന്‍ഡ് യൂസ് കമ്മിഷണര്‍ യാസ്മിന്‍ എല്‍ റഷീദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉല്ലാസ് ജി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ് എസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്നിക്കല്‍ സെഷനില്‍ യാസ്മിന്‍ എല്‍ റഷീദ് സുസ്ഥിരകൊല്ലം പദ്ധതി അവതരണവും ഭൂവിനിയോഗ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സിമി കൊല്ലം തണ്ണീര്‍ത്തട അറ്റ്ലസ് പരിചയപ്പെടുത്തലും നിര്‍വഹിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും ഭാവി കര്‍മപദ്ധതി അവതരണവും നടന്നു.
- Log in to post comments