കടലാമ സംരക്ഷണത്തിനുള്ള 'ടെഡ്' ഉപകരണം വിതരണത്തിനെത്തി
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന കടലാമകളെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള 'ടെഡ്' (ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ്) ഉപകരണങ്ങള്‍ നീണ്ടകര ഫിഷറീസ് സ്റ്റേഷനില്‍ വിതരണത്തിനെത്തി. ജില്ലയിലെ മുഴുവന്‍ ട്രോളര്‍ ബോട്ടുകളിലും ടെഡ് ഘടിപ്പിച്ച വലകളാണ് ഉപയോഗിക്കേണ്ടതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 386 ടെഡുകളാണ് ജില്ലയില്‍ വിതരണത്തിനായി എത്തിയിട്ടുള്ളത്. സൗജന്യമായാണ് ടെഡ് വിതരണം ചെയ്യുന്നത്. ട്രോളര്‍ ബോട്ട് ഉടമകള്‍ നീണ്ടകര ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം ടെഡ് കൈപ്പറ്റണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
ട്രോള്‍ വലകളില്‍ ഘടിപ്പിക്കുന്ന ലോഹകമ്പികളും പ്രത്യേക ഗ്രിഡും ആമകള്‍ക്ക് രക്ഷപ്പെടാനുള്ള ദ്വാരവുമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങള്‍. ബോട്ടുകളിലെ വലയില്‍ ഘടിപ്പിക്കുന്ന ടെഡിലെ ഗ്രിഡില്‍ തട്ടുന്ന ആമകള്‍ക്ക് ഇതിലെ പ്രത്യേക ദ്വാരത്തിലൂടെ പുറത്തുപോകാന്‍ സാധിക്കും. വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണം ഉറപ്പാക്കുകയും ശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുകയുമാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.
- Log in to post comments