തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്; ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026-ന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയർപേഴ്‌സണും കാട്ടാക്കട എം.എൽ.എയുമായ എം. ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി. എ. സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ. എസ്. നന്ദിയും പറയും.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.
90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില.
പി.എൻ.എക്‌സ്. 3906/2026
- Log in to post comments