ഭിന്നശേഷിക്കാർക്കുള്ള ഗുണഭോക്തൃ പദ്ധതികൾ: കുടിശിക അനുവദിച്ചു
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശിക തുകയായ 1.30 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ഫണ്ടിന്റെ സീലിംഗ് ലിമിറ്റ് വർധിപ്പിച്ചു ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന തുകയാണ് സർക്കാർ ഇപ്പോൾ അനുവദിച്ചത്. ജില്ലകൾക്കായി അനുവദിച്ച ഈ തുക അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം അടിയന്തരമായി വിതരണം ചെയ്യാൻ സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർദ്ദേശം നൽകി.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവർക്ക് സുരക്ഷയും മികച്ച ജീവിത സാഹചര്യങ്ങളും ഒരുക്കുന്നതിനുമായി നടപ്പിലാക്കുന്ന വിദ്യാകിരണം, പരിരക്ഷ, പരിണയം, മാതൃജ്യോതി, സ്വാശ്രയ, ഇംപ്രസ്റ്റ് മണി തുടങ്ങിയ പദ്ധതികൾക്കാണ് കുടിശികയിനത്തിൽ ഈ തുക വിനിയോഗിക്കുക. 2025-26 സാമ്പത്തിക വർഷത്തെ കുടിശിക ഉൾപ്പെടെ ഈ പദ്ധതികൾക്കായി നടപ്പു സാമ്പത്തിക വർഷം ആകെ 6,46,31,000 രൂപ ചെലവഴിക്കുന്നതിന് സർക്കാരിന്റെ ഭരണാനുമതി ലഭ്യമായിരുന്നു. ഇതിൽ നിന്നുമാണ് ഗുണഭോക്താക്കൾക്ക് ഇനിയും നൽകാൻ ബാക്കിയുണ്ടായിരുന്ന തുക അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് ഡയറക്ടറേറ്റിൽ നിന്നും ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
പി.എൻ.എക്‌സ്. 3907/2026
- Log in to post comments