Skip to main content

പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് സെപ്റ്റംബര്‍ 28-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികള്‍, ഉപവരണാധികാരികള്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള 24 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ.യും മാസ്റ്റര്‍ ട്രെയിനറുമായ എ. നൗഷാദ് പരിശീലനത്തിന് നേതൃത്വം നല്‍കി. 

 

വേങ്ങര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് (പൂങ്കുടായ), മങ്കടയിലെ നാലാം വാര്‍ഡ് (കടന്നമണ്ണ), കാലടിയിലെ 12-ാം വാര്‍ഡ് (വെറൂര്‍), താനാളൂരിലെ ഒന്നാം വാര്‍ഡ് (മൂലക്കല്‍) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇ.വി.എം. മെഷീനുകളുടെ ക്രമീകരണം, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും, വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

 

സെപ്റ്റംബര്‍ 26-ന് രാവിലെ 10 ന് കളക്ടറേറ്റിലെ ഇ.വി.എം. വെയര്‍ഹൗസില്‍ നിന്ന് പോലീസ് സുരക്ഷയോടെ വോട്ടിംഗ് മെഷീനുകളും സ്റ്റേഷനറി സാമഗ്രികളും വരണാധികാരികള്‍ക്ക് വിതരണം ചെയ്യും. അന്നേ ദിവസം തന്നെ ഇ.വി.എം. കമ്മീഷനിംഗ് പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ 29 നാണ് വോട്ടെണ്ണല്‍.

date