ദേശീയ ആയുര്‍വേദ ദിനാചരണം: ജില്ലാതല ഉദ്ഘാടനവും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു
'ആരോഗ്യകരമായ നാളേയ്ക്കായി ആയുര്‍വേദം' എന്ന പ്രമേയത്തില്‍ പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ ഗേറ്റിന് സമീപം ഒരുക്കിയ വേദിയില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.അസ്‌ലു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുന്നുമ്മല്‍ വരെ ആയുര്‍വേദ സന്ദേശ റാലി നടത്തി. രാവിലെ പത്തുമുതല്‍ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപും ജീവിതശൈലീ രോഗ നിര്‍ണയ പരിശോധനയും നടന്നു. ആരോഗ്യ ഭക്ഷ്യ വിഭവങ്ങളുടെ മത്സരവും യോഗ ഡാന്‍സും അരങ്ങേറി.
ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എസ്.എം.ഡി.എം.ഒ.ഇന്‍ ചാര്‍ജ് ഡോ.മുഹമ്മദ് ഷാനവാസ് തയ്യില്‍, ഡി.എം.ഒ.(ആരോഗ്യം) ഡോ.വി.വിനോദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments