Skip to main content

സമ്പൂർണ ശുചിത്വ ജില്ലയ്ക്കായി 'ക്ലീൻ പാലക്കാട്' ക്യാമ്പയിൻ

പാലക്കാട് ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലാകെ വിപുലമായ 'ക്ലീൻ പാലക്കാട്' ക്യാമ്പയിൻ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജില്ലാ ശുചിത്വ സമിതി യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്കരണം തുടർച്ചയായ സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എൻ.എസ്.എസ്, എൻ.സി.സി കാഡറ്റുകൾ, യുവജന സംഘടനകൾ, നെഹ്റു യുവകേന്ദ്ര, സന്നദ്ധ സംഘടനകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുക. ഗാന്ധിജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങളും സ്ഥാപന പരിസരങ്ങളും ശുചീകരിക്കും.

ക്യാമ്പയിന്റെ മുന്നോടിയായി വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാനും നൂറ് ശതമാനം യൂസർഫീ ശേഖരണം ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ഹരിതകർമ്മ സേനയ്ക്ക് മാലിന്യം കൈമാറാത്ത വീടുകൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകും. ഒക്ടോബർ രണ്ടിന് മുമ്പ് ഇവരെ മാലിന്യശേഖരണ സംവിധാനത്തിന്റെ ഭാഗമാക്കും. ഹരിതകർമ്മ സേനയ്ക്ക് മാലിന്യം കൈമാറാതിരിക്കുകയും യൂസർഫീ നൽകാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ ബോധവത്കരണവും തുടർനടപടികളും ഉണ്ടാകും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

date