എച്ച്1 എൻ1 പ്രതിരോധം: ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്1 എൻ1 പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായ ആളുകൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ, അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.
സാധാരണ ഗതിയിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. കിടപ്പു രോഗികൾ, മറ്റ് ഗുരുതരരോഗ ബാധിതർ, ഗർഭിണികൾ, 2 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. മേൽപറഞ്ഞവർ വീട്ടിൽ ഉണ്ടെങ്കിൽ ലക്ഷണങ്ങൾ ഉള്ള മറ്റ് കുടുംബാംഗങ്ങൾ ഇവരുമായി അടുത്ത് ഇടപഴകുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും, ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
രോഗബാധിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗലക്ഷണങ്ങളുള്ളവർ ധാരാളം വെള്ളം കുടിക്കുകയും നന്നായി വിശ്രമിക്കുകയും വേണം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ചികിത്സിക്കുകയോ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.
പ്രതിരോധ മാർഗങ്ങൾ
* തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മൂക്കും വായയും മൂടുക.
* സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നത് ശീലമാക്കുക.
* കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. പുറത്തു നിന്ന് വീട്ടിലെത്തിയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
* രോഗലക്ഷണങ്ങളുള്ളവർ പൊതു ഇടങ്ങളും അനാവശ്യ ആശുപത്രി സന്ദർശനങ്ങളും പരമാവധി ഒഴിവാക്കുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
* പനി, ചുമ തുടങ്ങിയ ലക്ഷണം ഉള്ളവരിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. പനി പല രോഗങ്ങൾക്കും സാധാരണ ലക്ഷണമായതിനാൽ സ്വയം മരുന്ന് കഴിക്കാതെ ഉടൻ തന്നെ ശരിയായ വൈദ്യചികിത്സ തേടേണ്ടതാണ്.
- Log in to post comments