സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് ജി.ഐ.എസ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വരിസംഖ്യ വര്‍ധിപ്പിക്കണം
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ പ്രകാരം, അര്‍ഹരായ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് വരിസംഖ്യ ഉയര്‍ത്തി സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ശരിയായ നിരക്കില്‍ കിഴിവ് വരുത്തണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഇതുവരെ വരിസംഖ്യ പുതുക്കി നിശ്ചയിക്കാത്ത ജീവനക്കാരുടെ കാര്യത്തില്‍ എല്ലാ ഡ്രോയിംഗ് & ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും കൃത്യമായി ഉറപ്പുവരുത്തണം. ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് മിനിമം നിരക്ക് 1,500 രൂപയും (പരമാവധി 2,000 രൂപ), ഗ്രൂപ്പ് ബി വിഭാഗത്തിന് മിനിമം 1,000 രൂപയും (പരമാവധി 2,000 രൂപ), ഗ്രൂപ്പ് സി വിഭാഗത്തിന് മിനിമം 800 രൂപയും (പരമാവധി 1,600 രൂപ), ഗ്രൂപ്പ് ഡി വിഭാഗത്തിന് മിനിമം 400 രൂപയും (പരമാവധി 800 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ പ്രതിമാസ വരിസംഖ്യാ നിരക്കുകള്‍. 2026 സെപ്റ്റംബര്‍ ഒന്നിന് 45 വയസ് തികയാത്ത ജീവനക്കാര്‍ക്ക് അവരുടെ മിനിമം തുകയുടെ ഇരട്ടി വരെ (പരമാവധി 2,000 രൂപ വരെ) വരിസംഖ്യ വര്‍ധിപ്പിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. യു.ജി.സി. ശമ്പള ഘടനയിലുള്ളവര്‍, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു ശമ്പള പരിഷ്‌കരണത്തില്‍ പെടാത്ത ജീവനക്കാരുടെ വരിസംഖ്യ അവരുടെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, പേഴ്സണല്‍ പേ, സ്‌പെഷ്യല്‍ പേ എന്നിവയുടെ ആകെ തുകയുടെ 1.5 ശതമാനം കണക്കാക്കി നൂറിന്റെ ഗുണിതമായി മുകളിലേക്ക് റൗണ്ട് ചെയ്താണ് നിജപ്പെടുത്തേണ്ടത്. നിലവിലുള്ള വരിക്കാര്‍ക്ക് വരിസംഖ്യ വര്‍ധിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് വകുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകം നടപടിക്രമങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നും ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ വ്യക്തമാക്കി.
- Log in to post comments