Skip to main content
ഏബിള്‍ പോയന്റ്

ഭിന്നശേഷിക്കാര്‍ക്കായുള്ള ജില്ലയിലെ ആദ്യ ഏബിള്‍ പോയന്റ് പ്രവര്‍ത്തനമാരംഭിച്ചു

ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ഏബിള്‍ പോയന്റ് ഔട്ട്‌ലെറ്റ് പദ്ധതിയുടെ ജില്ലയിലെ ആദ്യ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സുല്‍ത്താന്‍പേട്ട് കോളജ് റോഡില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് ആദ്യ ഏബിള്‍ പോയന്റ് (കാന്‍റീന്‍) തുടങ്ങിയത്. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയകൃഷ്ണന്‍ അധ്യക്ഷനായി. ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ കേശവദാസ്, അഡ്വ ആശീഷ് മൂത്തേടത്ത്, അനുരൂപ്, ഏബിള്‍ പോയിന്റ് പ്രതിനിധികളായ ഫസറുദീന്‍, ജസീന്‍ എന്നിവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കുന്ന നൂറ് ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ് കേരളത്തിലുടനീളം വരുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ് പദ്ധതിക്ക് കീഴില്‍ ഏബിള്‍ പോയിന്റ് എന്ന പേരിലാണ് ഇതിലെ ഓരോ യൂണിറ്റും സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉള്‍പ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി. രാജ്യത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വേണ്ടി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.  

ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, സ്ത്രീകള്‍ നയിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍, ജില്ലാ ഭരണകൂട കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം 'ഏബിള്‍ പോയിന്റ്' വില്‍പ്പനശാലകള്‍ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും യൂണിറ്റുകള്‍ തുടങ്ങും.

date