Skip to main content

ലോകത്ത്‌ മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒട്ടേറെ നല്ല ലഹരികളുണ്ടെന്ന്  വിദ്യാർത്ഥിനികളോട് നടൻ പ്രമോദ് വെളിയനാട് 

 

-ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിത കോളേജ് ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു

ലോകത്ത്‌ മനുഷ്യരെ ചേർത്തുപിടിക്കുന്ന ഒട്ടേറെ നല്ല ലഹരികളുണ്ടെന്നും അവ കൂടെക്കൂട്ടണമെന്നും കോളേജ് വിദ്യാർത്ഥിനികളോട് നടൻ പ്രമോദ് വെളിയനാട്. 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കലാലയങ്ങളെ സമ്പൂർണ ലഹരി വിമുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജ് ഡ്രഗ് ഫ്രീ ക്യാമ്പസ് ആയി പ്രഖാപിക്കുന്ന പരിപാടി കോളേജിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കലയാണ് എന്റെ ലഹരി. ആ ലഹരിയ്ക്ക് അടിമയാണ് ഞാൻ. ലഹരി ലഭിക്കാൻ വലിയ സാധ്യതയുള്ള സിനിമ മേഖലയിൽ ജോലി ചെയ്യുന്ന ആളായിട്ടുപോലും ഞാൻ ലഹരി പദാർത്ഥങ്ങൾ തൊടാത്തത് കഴിഞ്ഞ 30 വർഷമായി അഭിനയം എന്ന ലഹരി ഉള്ളിൽകൊണ്ടുനടക്കുന്നതു കൊണ്ടാണ്," പ്രമോദ് വെളിയനാട് പറഞ്ഞു. പെൺകുട്ടികളും മദ്യപിക്കുന്ന രീതി ഇന്ന് കണ്ടുവരുന്നുണ്ടെന്നും ഏതാനും സമയത്തേക്ക് കുറച്ചു രസം തോന്നുന്നതിൽ കവിഞ്ഞു അതിൽ മറ്റൊന്നുമില്ലെന്നും അതേസമയം, ദൂഷ്യവശങ്ങൾ മാരകമാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ സായാഹ്നങ്ങൾ ക്രിയാത്മകമായി ചെലവഴിക്കാൻ കായികം പോലെ ആവേശലഹരി നൽകുന്ന മറ്റ് മാർഗ്ഗങ്ങൾ ഒരുക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

എക്സൈസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാൻ, ഡോൺ ബോസ്‌കോ ഡ്രീം-II എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു.  

സബ്കളക്ടർ ഡോ. സി ശിവശക്തിവേൽ ലഹരിവിരുദ്ധ സന്ദേശം നൽകി. 'മയങ്ങില്ല കേരളം'പദ്ധതി വിവരണവും ഡ്രീം-II ലോഗോ അവതരണവും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ ആർ അജയ് നിർവഹിച്ചു. വിമുക്തി ജില്ലാ മാനേജർ വൈ പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വാർഡ് കൗൺസിലർ ജിൻസി ജോൺസൻ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എ പി ഷാജഹാൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി അശ്വതി, കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ഉഷ ആന്റണി, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോർഡിനേറ്റർ എ എസ്  നിതിൻ, ഡ്രീം ജില്ലാ കോർഡിനേറ്റർ ജോർജിയ സെബാസ്റ്റ്യൻ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയൻ കെ എന്നിവർ സംസാരിച്ചു.

date