ആംഗ്യ ഭാഷ പഠിക്കാം
'സൈന്‍ അപ്പ്' വീഡിയോ സീരീസുമായി ജില്ലാ ഭരണകൂടം
ജില്ലാ ഭരണകൂടം 'സഹമിത്ര' സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആംഗ്യഭാഷ പരിശീലിക്കാനായി 'സൈന്‍ അപ്പ് - സ്റ്റാര്‍ട്ട് സൈനിങ് ടുഡെ' എന്ന വീഡിയോ സീരീസിന് തുടക്കമിടുന്നു. പൊതുസമൂഹത്തിന് ഭിന്നശേഷി സൗഹൃദപരമായ സമീപനവും ആംഗ്യഭാഷയിലുള്ള പ്രാഥമിക പരിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സംരംഭത്തിന്റെ ലോഗോ പ്രകാശനം ജില്ല കളക്ടര്‍ എംഎസ് മാധവിക്കുട്ടി നിര്‍വഹിച്ചു.
അക്കങ്ങള്‍, അഭിസംബോധനകള്‍, കാലാവസ്ഥ, ദൈനംദിന ജീവിതത്തിലെ വിവിധ സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വാക്കുകളും വാചകങ്ങളും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വീഡിയോകള്‍ തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ദിവസേന ഒരു വാക്കോ വാചകമോ ഉള്‍പ്പെടുത്തിയുള്ള ചെറു വീഡിയോകള്‍ പുറത്തുവിടും.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'ഭിന്നശേഷി സൗഹൃദ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേക്ക് ആംഗ്യഭാഷയുടെ പ്രാധാന്യം എത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments