Skip to main content

തീരദേശ വിദ്യാർത്ഥികൾക്കായി 'വിദ്യാതീരം' കരിയർ ഗൈഡൻസ് പരിപാടി നടത്തി 

 

ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കായി 'വിദ്യാതീരം 2026-27' കരിയർ ഗൈഡൻസ് പരിപാടി അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ സംഘടിപ്പിച്ചു. മത്സ്യതൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക, കൃത്യമായ കരിയർ പ്ലാനിംഗ് നൽകുക, കൗമാരകാല പ്രശ്നങ്ങൾ പരിഹരിക്കുക, ഫിഷറീസ്/അനുബന്ധ മേഖലകളിലെ പഠന-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പി. പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനയ എ. അധ്യക്ഷതയായി. ജില്ലാ പഞ്ചായത്ത് അംഗം ജെയിംസ് ചിങ്കുതറ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സോളമൻ, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ, അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രലേഖ ടി, സ്കൂൾ പ്രധാനാധ്യാപിക നിഷാത്ത്, വി.എച്ച്.എസ്.സി അധ്യാപിക സിജിമോൾ വി. എച്ച്. എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ സ്കൂൾ തലത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

തുടർന്ന് ‘ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിലവസരങ്ങളും, ബാങ്കിംഗ് സേവനങ്ങളും’ എന്ന സെഷനിൽ രാജേഷ് വി. ആർ (ആലപ്പുഴ ജില്ല  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹെഡ് ക്ലാർക്ക്), ‘കൗമാര പ്രായത്തിൽ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന സെഷനിൽ ലക്ഷ്മി ജെ. (വനിതാശിശു വികസന വകുപ്പ് ട്രെയിനർ), ‘ഫിഷറീസ്/അനുബന്ധ മേഖലകളിലെ സാധ്യതകളും പദ്ധതികളും’ എന്ന സെഷനിൽ അനുരാജ് (ചേർത്തല മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ), ‘വ്യക്തിത്വ വികസനവും ഉപരിപഠന സാധ്യതകളും’ എന്ന സെഷനിൽ റോജസ് ജോസ് (ആൽഫ എൻട്രൻസ് അക്കാദമി ചെയർമാൻ) എന്നിവർ ക്ലാസുകൾ നയിച്ചു.

ഹൈസ്കൂൾ, വൊക്കേഷണൽ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള 120 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

date