വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കും
വയോജനസൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ സംസ്ഥാന വയോജന കമ്മീഷൻ തീരുമാനം. കമ്മീഷന്റെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ പ്രിസൈഡിംഗ് ഓഫീസർമാരുടെ (റവന്യൂ ഡിവിഷണൽ ഓഫീസർ) തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. ട്രൈബ്യൂണലുകളുടെ ഉത്തരവുകൾ യഥാസമയം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ഊർജിതപ്പെടുത്തുന്നതിനും തീരുമാനമായി. വയോജനങ്ങൾ നേരിടുന്ന പരിപാലനക്കുറവ്, അവഗണന, സ്വത്ത് തർക്കങ്ങൾ, സാമ്പത്തിക ചൂഷണം, ശാരീരിക-മാനസിക പീഡനം തുടങ്ങിയവ സംബന്ധിച്ച ട്രൈബ്യൂണൽ മുമ്പാകെ ഫയൽ ചെയ്തിട്ടുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നത് സംബന്ധിച്ച വിഷയം യോഗം ചർച്ച ചെയ്തു. വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി വയോജന കമ്മീഷനും മെയിന്റനൻസ് ട്രൈബ്യൂണലുകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും തീരുമാനമായി. കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ്, അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ. എൻ. കെ. നമ്പൂതിരി, പ്രൊഫ. ലോപ്പസ് മാത്യു, കമ്മീഷൻ സെക്രട്ടറി ജി. വിനോദ്, രജിസ്ട്രാർ റ്റി. ആർ ശാരദ, ഫിനാൻസ് ഓഫീസർ എൽ ശ്രീലത എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3995/2026
- Log in to post comments