* ഓപ്പറേഷന്‍ തൂഫാന്‍ 2.0': ലഹരിവിരുദ്ധ ജനകീയ പ്രചാരണത്തിനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍*
ലഹരിവസ്തുക്കളുടെ വ്യാപനം, ഉപയോഗം പൂര്‍ണ്ണമായി തടയുന്നതിന് കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാന്‍ ഫ്‌ളാഗ് ഉയര്‍ത്തല്‍, തൂഫാന്‍ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ് അറിയിച്ചു. ഓരോ വാര്‍ഡിലും കുറഞ്ഞത് പത്ത് സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തൂഫാന്‍ വാരിയേഴ്‌സിനെ കണ്ടെത്തി തൂഫാന്‍ ബാഡ്ജ് വിതരണം ചെയ്യും. പ്രത്യേക തൂഫാന്‍ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് വാര്‍ഡ്തല ജനജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ ക്യാമ്പയിന്റെ വിജയത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments