Skip to main content

ദേശീയ ഗുണനിലവാര അംഗീകാരം: ജില്ലാ ആശുപത്രി ജീവനക്കാരെ അനുമോദിക്കും

ദേശീയ ഗുണനിലവാര ഉറപ്പു മാനദണ്ഡമായ 'എൻ.ക്യു.എ.എസ്'  മൂല്യനിർണ്ണയത്തിൽ 94.72 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച് പാലക്കാട് ജില്ലാ ആശുപത്രി. ഓഗസ്റ്റ് 7, 8 തീയതികളിൽ നടന്ന ദേശീയതല എൻ.ക്യു.എ.എസ് മൂല്യനിർണ്ണയത്തിന് ശേഷമാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.
ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതിലൂടെ ആശുപത്രിക്ക് ഓരോ കിടക്കയ്ക്കും പ്രതിവർഷം 10,000 രൂപ വീതം തുടർച്ചയായി മൂന്ന് വർഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. ഇതോടെ ഓരോ വർഷവും നാല് കോടി 74 ലക്ഷം രൂപ വീതം പദ്ധതിയിലൂടെ ലഭ്യമാകും. ഇത് ജില്ലാ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കുന്നതിന് സഹായകരമാകും.
ആശുപത്രിയുടെ സമഗ്രമായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, പാരാമെഡിക്കൽ-സാങ്കേതിക വിഭാഗങ്ങൾ, ഫാർമസി, ലാബ്, റേഡിയോളജി, അഡ്മിനിസ്ട്രേഷൻ, ക്ലെറിക്കൽ വിഭാഗം, നാഷണൽ ഹെൽത്ത് മിഷൻ  ജീവനക്കാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റൻഡർമാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, ഡ്രൈവർമാർ, കരാർ ജീവനക്കാർ തുടങ്ങി നേരിട്ടും പരോക്ഷമായും സഹകരിച്ച എല്ലാവരുടെയും ആത്മാർത്ഥമായ സേവനമാണ് ഈ നേട്ടത്തിന് പിന്നിൽ.

നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എണ്ണൂറോളം ജീവനക്കാർക്കായി സെപ്റ്റംബർ 28-ന് രാവിലെ 11 ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന അനുമോദന യോഗം സംഘടിപ്പിക്കും. ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായി ജീവനക്കാർക്ക് സർട്ടിഫിക്കറ്റും ബാഡ്ജും ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾക്ക് ട്രോഫികളും വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അറിയിച്ചു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് എൻ.ക്യു.എ.എസ്. രോഗി സുരക്ഷ, അണുബാധ നിയന്ത്രണം, രോഗികളുടെ അവകാശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാര പരിപാലനം എന്നിവ വിലയിരുത്തിയാണ് കേന്ദ്ര സംഘം ആശുപത്രിക്ക് ഉയർന്ന സ്കോർ നൽകിയത്. തുടർച്ചയായ പരിശീലനങ്ങളും രോഗി സൗഹൃദ നടപടികളും കൃത്യമായി നടപ്പിലാക്കാൻ സാധിച്ചതാണ് ഈ മികവിലേക്ക് ആശുപത്രിയെ നയിച്ചത്. 

 

 

 

 

date