പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് കാർത്തികപ്പള്ളി സബ്ഓഫീസ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു -വായ്പ മേളയിൽ 3.69 കോടി വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് കാർത്തികപ്പള്ളി സബ്ഓഫീസ് ഉദ്ഘാടനവും വായ്പമേളയും ഹരിപ്പാട് റവന്യു ടവറിൽ ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
ശുചീകരണ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ദേശീയ സഫായി കർമ്മചാരി ധനകാര്യ വികസന കോർപറേഷൻ സഹായത്തോടെ 3.69 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കുടുംബശ്രീ സിഡിഎസ്, സ്വയം തൊഴിൽ, ഭവനവായ്പ, വീട് അറ്റകുറ്റപ്പണി, വ്യക്തിഗ വായ്പ എന്നീ വിഭാഗങ്ങളിലാണ് വായ്പ അനുവദിച്ചത്.
വായ്പ എടുക്കുന്നവർ കൃത്യമായി തിരിച്ചടച്ചാലേ കൂടുതൽ പേർക്ക് വായ്പ അനുവദിക്കാനും കൂടുതൽ വായ്പ നൽകാനും കഴിയൂ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. നാളിതുവരെ പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ മുഖേന രണ്ടര ലക്ഷം ഉപഭോക്താക്കൾക്ക് 2000 കോടി രൂപ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
കോർപറേഷന്റ 27ാമത് ഓഫീസാണ് കാർത്തികപ്പള്ളിയിലേത്.
പരിപാടിയിൽ ഹരിപ്പാട് നഗരസഭ അധ്യക്ഷ വൃന്ദ എസ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ എം ബി അനിൽ മിത്ര, സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ, നഗരസഭ കൗൺസിലർമാരായ സജു കെ ജോയ്, എസ് കൃഷ്ണകുമാർ, കെ എസ് വിനോദ്, കോർപറേഷൻ ജില്ലാ മാനേജർ അരുൺ പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments