Skip to main content

ജില്ലാ വികസനസമിതി യോഗം  വികസനപ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം 

 

ഉദ്യോഗസ്ഥ ഏകോപനം കൂടുതൽ ശക്തമാക്കി വികസനപ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പൊതു നിർദേശമുയർന്നു. ദേശീയപാതയിലെ അപകടങ്ങൾ കുറയ്ക്കാൻ ദേശീയപാത അതോറിറ്റി സ്വീകരിച്ച വിവിധ നടപടികൾ  സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട്  ജില്ലാ വികസന സമിതിയിൽ ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. 

ജില്ലയിലെ ഹൗസ്ബോട്ട് ടൂറിസം സുഗമമായി നടത്താൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഓരോ ബോട്ടിന്റെയും സഞ്ചാരപഥം കൃത്യമായി നിജപ്പെടുത്തണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പുനഃപരിശോധിക്കണമെന്നും ആലപ്പുഴ എം എൽ എ എ ഡി തോമസ് ആവശ്യപ്പെട്ടു. 

ആറാട്ടുവഴി-കൊമ്മാടി പ്രദേശത്തെ വെള്ളക്കെട്ട് താത്കാലികമായി പരിഹരിച്ചു തുടർനടപടികൾ ദേശീയപാത അതോറിറ്റി സ്വീകരിക്കണം. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കും. ജില്ലാ കോടതിപാലം നിർമാണം സംബന്ധിച്ച ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബദൽ മാർഗം കണ്ടെത്തും. മണ്ഡലത്തിലെ തെരുവുനായ ശല്യം പരിഹരിക്കാൻ വിവിധയിടങ്ങളിൽ എ.ബി.സി കേന്ദ്രങ്ങൾ ഒരുക്കും. ചെട്ടിക്കാട് ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് അപ്പ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നും എം എൽ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മുണ്ടയ്ക്കൽ പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് കുട്ടനാട് എം എൽ എ റജി ചെറിയാൻ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിതി ചെയുന്ന തോടുകളിലെ മാലിന്യനീക്കം വേഗത്തിലാക്കണം. പോരൂക്കര-ഗോവേന്ത പാലം നിർമാണാമത്തിന്റെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും.
പോസ്റ്റ് മോർട്ടം  കഴിഞ്ഞ വ്യക്തികളുടെ മരണസർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും ചേർത്തല മുട്ടം ഫിഷ് മാർക്കറ്റ് നവീകരണം പുനരാരംഭിക്കണമെന്നും ചേർത്തല എം എൽ എ പി പ്രസാദ് ആവശ്യപ്പെട്ടു. തിരുവിഴ കയർ പാർക്കിൽ കണ്ടെയ്നർ വാഹനങ്ങൾക്ക് കയറാൻ  വഴിയൊരുക്കാൻ നടപടി സ്വീകരിക്കണം. ദേശീയ പാത നിർമാണ വസ്തുക്കൾ ലഭ്യമാക്കുന്ന കണ്ണങ്കര പ്രദേശത്തെ റോഡുകളുടെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ഹരിപ്പാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലയിലെ റോഡുകളിൽ നടത്തേണ്ട പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ് ആവ്യശ്യപെട്ടു. കേരള യൂണിവേഴ്സിറ്റിയുടെ യു ഐ ടി കേന്ദ്രം ഹരിപ്പാട് മണ്ഡലത്തിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ആറാട്ടുപുഴയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാര മാർഗങ്ങൾ അവലംബിക്കണമെന്നും തൃക്കുന്നപുഴയിലെ ആർ ഒ പ്ലാന്റ് കമ്മീഷൻ ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. 

കായംകുളം ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നു സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജുവിന്റെ പ്രതിനിധി അഡ്വ യു മുഹമ്മദ് ആവശ്യപ്പെട്ടു. കൃഷ്‌ണപുരം ടെക്നിക്കൽ ഹൈ സ്കൂൾ ഗ്രൗണ്ട് ചുറ്റുമതിൽ നിർമാണത്തിനു തുടർ നടപടികൾ സ്വീകരിക്കണം. മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ തെരുവ്നായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഒരുക്കുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. 

പൂച്ചാക്കൽ രജിസ്ട്രേഷൻ ഓഫീസ് നവീകരണ നടപടികൾ വേഗത്തിലാക്കണമെന്നു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പ്രതിനിധി സാരഥി ആവശ്യപ്പെട്ടു. തുറവൂർ ആശുപത്രിയുടെ പുതിയകെട്ടിടം പ്രവർത്തനസജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കണം. മാക്കേകടവ്-നേരേകടവ് പാലം നിർമാണം പുരോഗമിക്കുന്നു. തുറവൂർ-കുത്തിയത്തോട് മേഖലയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജലവാഹകകുഴലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിക്കായി ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കളർകോട്-ഹരിപ്പാട് ദേശീയപാത മേഖലയിൽ പൊട്ടികിടക്കുന്ന കാനകൾ പൂ്ർവസ്ഥിതിയിലാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമാക്കണമെന്നു കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എ എ ഷുക്കൂർ ആവശ്യപ്പെട്ടു. ആലപ്പുഴ ബീച്ച് നവീകരണവുമായി ബന്ധപെട്ട് ബീച്ചിലേക്ക് എത്താൻ നിലവിലെ മൂന്ന് വഴികൾ കൂടാതെ സുഗമമായി എത്തിച്ചേരാൻ കൂടുതൽ വഴികൾ ഒരുക്കണമെന്നും മെഡിക്കൽ കോളേജിലെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ടെൻഡർ ചെയ്യണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. 

വീയപുരം-തുരുത്തി, തകഴി-പടഹാരം റൂട്ടുകളിൽ കെ എസ് ആർ ടി സി ബസ് സർവിസുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രതിനിധി കെ  ഗോപകുമാർ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലക്ക് സംരംഭകത്വ വികസത്തിൽ പ്രത്യേക പരിഗണന ലഭിക്കും വിധം സംസ്ഥാനതലത്തിൽ നടപടികൾ സ്വീകരിക്കണം.  ഇതിനായി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നൽകാൻ യോഗത്തിൽ  അവതരിപ്പിച്ച  പ്രമേയത്തിനു  അംഗീകാരം ലഭിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയെ പ്രവർത്തനസജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടു. 
ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date