Skip to main content

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ വിജയകരം

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി. സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ശുചിത്വ മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് ഗ്രീൻ പ്രോട്ടോക്കോൾ ഏകോപിപ്പിച്ചത്.

ആയിരക്കണക്കിന് കാണികൾ എത്തിയ സ്റ്റേഡിയത്തിൽ ശുചിത്വവും മാലിന്യ സംസ്‌കരണവും ഉറപ്പാക്കാൻ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ നേരത്തെതന്നെ സംഘടിപ്പിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി ഭക്ഷണവിതരണം നടത്തുന്ന വെണ്ടർമാർ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്തു. സർക്കാർ അംഗീകരിച്ചിട്ടുള്ള ഹരിതചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ഭക്ഷണവിതരണവും മറ്റ് സേവനങ്ങളും ക്രമീകരിച്ചത്. ഭക്ഷണവിതരണം പരിസ്ഥിതി സൗഹൃദമാക്കാൻ അനുവദനീയവുമായ പാത്രങ്ങളിൽ മാത്രം ഭക്ഷണം നൽകണമെന്ന് വെണ്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷണശാലകളിലും ഗ്രീൻ പ്രോട്ടോക്കോൾ, മാലിന്യ സംസ്‌കരണം, ശുചിത്വം എന്നിവ സംബന്ധിച്ച ബോധവത്ക്കരണ പോസ്റ്ററുകൾ സ്ഥാപിച്ചു. മത്സരം കാണാനെത്തിയ കായികപ്രേമികളിലേക്കും പൊതുജനങ്ങളിലേക്കും ശുചിത്വ സന്ദേശം ഫലപ്രദമായി എത്തിക്കാൻ ഇതിലൂടെ സാധിച്ചു. വൻ ജനപങ്കാളിത്തമുള്ള ഇത്തരം വേദികളിൽ നിബന്ധനകൾ പാലിച്ചുകൊണ്ട് ഗ്രീൻ പ്രോട്ടോക്കോൾ വിജയകരമായി നടപ്പാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വ്യക്തമാക്കി.

date