ദാക്ഷായണി സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ദാക്ഷായണി സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുക, സുസ്ഥിര സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കൂട്ടായ്മയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിലധികമോ വനിതകൾ അംഗങ്ങളായുള്ളതും ജില്ലാ രജിസ്ട്രാർ ഓഫീസിലോ കുടുംബശ്രീയിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങൾക്കും, പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളായ വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രായപരിധി 21 നും 55 നും ഇടയിലാണ്. ഏഴാം ക്ലാസ് ആണ് യോഗ്യത. ഒരു ഗ്രൂപ്പിൽ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ ഉണ്ടാകാൻ പാടില്ല.
പുതിയ സംരംഭം തുടങ്ങുന്നതിന് ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെയുള്ള പ്രൊജക്ട് കോസ്റ്റിന്റെ 75 ശതമാനവും (പരമാവധി 3,75,000 രൂപ) സബ്‌സിഡിയായി അനുവദിക്കും. ബാക്കി തുക അപേക്ഷകർ ബാങ്ക് വായ്പയായി സ്വരൂപിക്കണം.
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം അതാത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു
- Log in to post comments