മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും: മന്ത്രി ബിന്ദു കൃഷ്ണ
മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തുന്ന ഈ സര്‍ക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് തൊഴില്‍, വനിത-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം മത്സ്യഭവന്റെ നേതൃത്വത്തില്‍ വാടി കോസ്റ്റല്‍ പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച ഫിഷറീസ് വകുപ്പിന്റെ തീരോന്നതി പദ്ധതിയുടെ ഭാഗമായ 'അറിവ്' ബോധവത്കരണ പരിപാടിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു തരുന്നവരാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍. എന്നിട്ടും പ്രളയകാലത്തും ഓഖി സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു. യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ലാത്ത ഭവനങ്ങളാണ് പലയിടത്തും മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മിച്ചു നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലും മറ്റും
വള്ളങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു രൂപ പോലും നല്‍കിയല്ല. കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന സര്‍ക്കാറാണ് നിലവിലുള്ളതെന്നും ഈയിടെ പത്തനംതിട്ടയിലും മറ്റും പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ വള്ളങ്ങള്‍ക്ക് പ്രതിദിനം 2000 രൂപ ധനസഹായം നല്‍കിയതായും മന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും കൊല്ലം പോര്‍ട്ടിലെ റെസക്യൂ ബോട്ടുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ജെ പ്രീത, ഫിഷറീസ് ഡെ. ഡയറക്ടര്‍ സി എസ് ശ്രീദിവ്യാറാണി, കോസ്റ്റല്‍ പൊലീസ് സി ഐ രാജന്‍ ബാബു, വിവിധ രാഷ്ട്രീയ, തൊഴിലാളി സംഘടന പ്രതിനിധികളായ നൗഷാദ് യൂനുസ്, ടി കെ സുല്‍ഫി, യേശുദാസന്‍, തോബിയാസ്, സേവ്യര്‍ ജോസഫ്, ആര്‍ അജയന്‍, സ്മിത ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments