നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണം: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കണമെന്ന് വനിത- ശിശുവികസന,തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ആശ്രാമം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താവുന്ന പദ്ധതികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പെരുമണ്‍ തരിയന്‍മുക്ക് - പെരിനാട് റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജ് റോഡ്, കണ്ടച്ചിറ- മുടന്തിയാര്‍വിള ജംഗ്ഷന്‍ റോഡ് എന്നിവയുടെ ബി എം ബി സി പ്രവര്‍ത്തികള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊല്ലം നഗരത്തിലെ റോഡുകളുടെ റീടാറിങ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരുമണ്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ജില്ലാ കോടതി സമുച്ചയ നിര്‍മാണം, ജില്ലാ പി എസ് സി കെട്ടിട നിര്‍മാണം, ആശ്രാമം ഗസ്റ്റ് ഹൗസ് നവീകരണം എന്നിവയുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കുടിവെള്ള പ്രശ്‌നം ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തൃക്കരുവ, പനയം, തൃക്കടവൂര്‍, താമരക്കുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സുഗമമായ കുടിവെള്ള വിതരണം ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് പമ്പ് സെറ്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാമെന്ന് മന്ത്രി ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ പഞ്ചമി ഗ്രാമം പദ്ധതി, അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി തുടങ്ങി വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ മികച്ച രീതിയില്‍ നടപ്പാക്കാനാവശ്യമായ നിര്‍ദേശങ്ങളും മന്ത്രി നല്‍കി. പൊതുമരാമത്ത്, ജലവിഭവം, പട്ടികജാതി വികസനം, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2907/2026)
- Log in to post comments