Skip to main content

ആലപ്പുഴയിൽ ടി.ബി. മുക്ത് അഭിയാൻ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

 

ക്ഷയരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിൽ 'ടി.ബി. മുക്ത് അഭിയാൻ' പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിൽ രോഗസാധ്യതയുള്ള 5.8 ലക്ഷത്തോളം ആളുകളെ ലക്ഷ്യമിട്ട് ഹാൻഡ് ഹെൽഡ് എക്സ്-റേ, കഫ പരിശോധനാ ക്യാമ്പുകൾ നടന്നുവരുന്നു.  പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗമുള്ളവർ, പോഷകാഹാരക്കുറവുള്ളവർ, അവയവമാറ്റം കഴിഞ്ഞവർ പുകവലി മദ്യപാനശീലം ഉള്ളവർ തുടങ്ങി രോഗസാധ്യത കൂടിയവരുടെ മുൻകൂർ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങൾ കേന്ദ്രീകരിച്ചും സ്ക്രീനിങ് ക്യാമ്പുകൾ നടത്തുന്നു. 

ക്ഷയരോഗ നിർമാർജന ബോധവൽക്കരണ പ്രവർത്തനങ്ങൾ, ക്യാമ്പുകളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക ഇവയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ പിന്തുണ ഉറപ്പാക്കുന്നുണ്ട്. 

പരിപാടിയുടെ കാര്യക്ഷമമായ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ടീമുകൾ രൂപീകരിക്കുകയും യുവജന കൂട്ടായ്മകളെ നയിക്കാൻ ക്ലാസ്-1 ഓഫീസർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. രോഗികൾക്ക് സൗജന്യ ചികിത്സയും ബോധവൽക്കരണവും ഉറപ്പാക്കുന്നുണ്ട്. കൂടാതെ, രോഗികൾക്ക് പോഷകാഹാര പിന്തുണ നൽകാൻ പൊതുജനങ്ങൾക്ക് 'നിക്ഷയ് മിത്ര' പദ്ധതി വഴി പങ്കാളികളാകാം. രോഗം തിരിച്ചറിയുന്ന വർക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനും മറ്റു പിന്തുണയ്ക്കും സുമനസ്സുകൾക്ക് നിക്ഷയമിത്രയാകാൻ  അവസരമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പൂർണ്ണ പങ്കാളിത്തത്തോടെ ക്ഷയരോഗമുക്ത ആലപ്പുഴ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

date