കലയ്ക്കും വിപണനത്തിനും മുൻഗണന നൽകി സിനിമാ വ്യവസായ പദവി നടപ്പാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
സിനിമയുടെ കലാ, സാംസ്‌കാരികമൂല്യങ്ങളുടെ സംരക്ഷണത്തിനൊപ്പം വിപണന സാധ്യതകൾക്കും പ്രാധാന്യം നൽകിയായിരിക്കും വ്യവസായ പദവി നടപ്പാക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സിനിമയുടെ വ്യവസായ പദവി സംബന്ധിച്ച് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന വിവിധ സിനിമാ സംഘടനകളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിലവിൽ സമാനമായ മാതൃക ഇല്ലാത്ത സാഹചര്യത്തിൽ, എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ തയ്യാറാക്കിയിട്ടുള്ള കരട് നിർദേശങ്ങളിൽ സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സിനിമാ പ്രതിനിധികളുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ആദ്യ യോഗത്തിൽ സിനിമാ മേഖലയിലെ സംഘടനകൾ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിലൊന്നായിരുന്നു സിനിമയ്ക്ക് വ്യവസായ പദവി നൽകണമെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വ്യവസായ പദവി ലഭിക്കുന്നതോടെ സിനിമാ മേഖലയിലെ ധനസമാഹരണത്തിലെ പ്രയാസങ്ങളും നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികളും പരിഹരിക്കുന്നതിന് ബാങ്ക് വായ്പ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. തൊഴിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും വ്യക്തമായ ചട്ടങ്ങളും നിയന്ത്രണങ്ങളും രൂപീകരിക്കുന്നതിനും നടപടി വേണമെന്നും സിനിമയെ സാംസ്‌കാരിക വ്യവസായം എന്ന നിലയിൽ പരിഗണിക്കണമെന്നും നിർദേശമുയർന്നു. ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കുക, തിയേറ്ററുകൾ ആധുനികവത്കരിക്കുക, പഴയ തിയേറ്ററുകളെ ഹെറിറ്റേജ് തിയേറ്ററുകളായി സംരക്ഷിക്കുക, ഷൂട്ടിങ് അനുമതിക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചർച്ച ചെയ്തു.
സിനിമാ നിർമാണത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് പ്രത്യേക താരിഫ് അനുവദിക്കുക, ഇരട്ട നികുതി ഒഴിവാക്കുക, സിനിമാ മേഖലയെ പ്രത്യേക സാമ്പത്തിക മേഖലയായി പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. സിനിമയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലെ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ സിനിമ ലഭ്യമാക്കുന്നതിന് നിശ്ചിത കാലയളവ് നിശ്ചയിക്കണമെന്നും ഷൂട്ടിങ്ങിന് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും യോഗത്തിൽ അഭിപ്രായങ്ങളുണ്ടായി.
സ്ത്രീകളുടെ സുരക്ഷയും കൃത്യമായ ജോലിസമയക്രമവും ഉറപ്പാക്കുന്നതിനൊപ്പം സിനിമാ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കണമെന്നും പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിനിമാ വ്യവസായ പദവി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ നിർദേശങ്ങളും പരിശോധിച്ച് വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അഞ്ജന എം, ഡയറക്ടർ കെ ഇമ്പശേഖർ, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ രവീന്ദ്രൻ, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എം രഞ്ജിത്ത്, കെ എസ് എഫ് ഡി സി ചെയർപേഴ്‌സൺ പ്രേം കുമാർ, വൈസ് ചെയർപേഴ്‌സൺ ആലപ്പി അഷ്റഫ്, തിയേറ്റർ ഉടമകൾ, വിതരണക്കാർ സാങ്കേതിക പ്രവർത്തകർ ഉൾപ്പടെയുള്ള വിവിധ സിനിമാ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4028/2026
- Log in to post comments