2030ഓടെ പേവിഷബാധ വിമുക്ത കേരളം: സംസ്ഥാനതല ഉദ്ഘാടനവും 'ഐ.ബി.സി.എം' പ്രോജക്ട് റിപ്പോർട്ട് സമർപ്പണവും 30ന്
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഒരുപോലെ ഭീഷണിയായ പേവിഷബാധയെ പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വർഷത്തെ ലോക പേവിഷബാധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നടക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
''ഒരുമിച്ച്, കൂടുതൽ ശക്തരായി, റാബീസ് വിമുക്ത കേരളത്തിലേക്ക്'' എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനതല പൊതുയോഗത്തോടൊപ്പം, കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വിജയകരമായി നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ് പദ്ധതിയുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന സെമിനാറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ആരോഗ്യശാസ്ത്ര സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വി. മുരളീധരൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, വിവിധ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
*ശ്രദ്ധേയമായി ഐ.ബി.സി.എം പദ്ധതി*
ലോകാരോഗ്യ സംഘടനയുടെ ധനസഹായത്തോടെ പ്രൈമറി ഹെൽത്ത് കെയർ തലത്തിൽ നടപ്പിലാക്കി വരുന്ന ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ് പദ്ധതി ''ഒരുമിച്ച്, കൂടുതൽ ശക്തരായി'' എന്ന ആശയത്തിന്റെ പ്രതിഫലനമാണ്. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, മിഷൻ റാബീസ്, കമ്പാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ, യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ നിരീക്ഷണവും പ്രതികരണവും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ താഴെ പറയുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്:
• പേവിഷബാധയുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധം താഴേത്തട്ടിൽ ശക്തിപ്പെടുത്തി.
• ആന്റി- റാബീസ് വാക്‌സിനുകളുടെ യുക്തിസഹവും കൃത്യവുമായ ഉപയോഗം ഉറപ്പാക്കി.
• പേവിഷബാധ സംശയിക്കുന്ന പ്രദേശങ്ങളിലെ നായ്ക്കൾക്ക് വേഗത്തിൽ കൃത്യമായ റിംഗ് വാക്‌സിനേഷൻ നൽകാൻ സഹായിച്ചു.
2030-ഓടെ പേവിഷബാധയില്ലാത്ത ഒരു കേരളം യാഥാർത്ഥ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഈ പദ്ധതിയുടെ കണ്ടെത്തലുകൾ വലിയ ദിശാബോധം നൽകുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 4032/2026
- Log in to post comments