Skip to main content

പേവിഷബാധ തുടച്ചു നീക്കാൻ നടപടി ശക്തമാക്കും : മന്ത്രി കെ മുരളീധരൻ

പേവിഷബാധ കാരണം ആരെയും മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും 2028 ഓടെ കേരളത്തിൽ നിന്നും പേവിഷ ബാധ തുടച്ചുനീക്കാനാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ലോക പേവിഷബാധാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേവിഷ ബാധ നിർമാർജനം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ശ്രമം വേണം. സർക്കാരിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി വികേന്ദ്രീകൃത കാൻസർ പരിചരണത്തിനുള്ള വെർച്വൽ ഡിസ്ട്രിക്ട് ട്യൂമർ ബോർഡ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുജനാരോഗ്യത്തെ മുൻനിർത്തി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധ നിയന്ത്രണ പദ്ധതി ഏറെ ഫലപ്രദമാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല - സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധാ നിയന്ത്രണ പദ്ധതിയുടെ കണ്ടെത്തലുകളുടെ അവതരണവും സെമിനാറിൽ നടന്നു. കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. ചടങ്ങിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ. വി വിശ്വനാഥൻ, ഹെൽത്ത് എജ്യുക്കേഷൻ ജോയിന്റ് ഡയറകടർ ഡോ. എസ്. എസ് മിനി, ആരോഗ്യ ശാസ്ത്ര സർവകലാശാല രജസ്ട്രാർ ഡോ. ഗോപകുമാർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ. പി റീത്ത, തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു മോഹൻ, സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു. കൊല്ലം സർക്കാർ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. സീനിയ ടി നജും ഐ.ബി.സി.എം പദ്ധതിയെ കുറിച്ചുള്ള മുഖ്യ അവതരണം നടത്തി. പേവിഷബാധാ നിയന്ത്രണപരിപാടിയുടെ സംസ്ഥാന നോഡൽ ഓഫീസർ, ഡോ. എസ് ഹരികുമാർ, മൃഗസംരക്ഷണ വകുപ്പ് അസ്സിസ്റ്റന്റ് ഡയറക്ടർ ഡോ. എം. എ ലക്ഷ്മി, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി യുണൈറ്റഡ് കിങ്ഡം പ്രൊഫസർ ഡോ. കെയ്റ്റി ഹാംസൻ എന്നിവർ പങ്കെടുത്തു.

'ഒരുമിച്ച് കൂടുതൽ ശക്തരായി റാബീസ് വിമുക്ത കേരളത്തിലേക്ക്' എന്നതാണ് ഈ വർഷത്തെ പേവിഷബാധാദിന സന്ദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പി.എൻ.എക്‌സ്. 4054/2026

date