Skip to main content

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.

കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഡിഡിഎംഎ യ്ക്ക് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറും. ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കും. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു.

പി.എൻ.എക്‌സ്. 4056/2026

date