ഡോക്യുമെന്ററി-ഹ്രസ്വചിത്ര പ്രദർശനത്തിന് സ്ഥിരം വേദിയൊരുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
*18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയ്ക്ക് സമാപനം
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്രം എന്നിവയുടെ പ്രദർശനത്തിന് സ്ഥിരം വേദികൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഖ്യാത സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം. ടി വാസുദേവൻ നായരുടെ സ്മരണാർഥം കോഴിക്കോട് സാംസ്കാരിക പാർക്ക് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിക്കായുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സിനിമ ടൂറിസം കേന്ദ്രമാക്കും. ഇതിന്റെ ഭാഗമായി സിനിമ ചിത്രീകരണത്തിനായി ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സജ്ജീകരണം ഒരുക്കും. ഇത്തവണത്തെ മേളയിൽ ഏഴ് ചിത്രങ്ങൾക്ക് ഇനിയും പ്രദർശനാനുമതി നൽകാത്തത് സിനിമാ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. ഈ ചിത്രങ്ങളുടെ പ്രദർശനാനുമതിക്കായി സർക്കാർ പോരാട്ടം തുടരും. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവ പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രദർശനനാനുമതി ലഭിക്കാത്ത ചിത്രങ്ങളുടെ സംവിധായകരെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത് അവർക്കുള്ള കേരളത്തിന്റെ അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശസ്ത ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മേളയിലെ മികച്ച ഫിക്ഷൻ, നോൺ-ഫിക്ഷൻ ചിത്രങ്ങൾക്കുള്ള അവാർഡുകളും മികച്ച ലോങ് ഡോക്യുമെന്ററി എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ്, ഡോക്യുമെന്ററി ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്തു.
സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷനായ ചടങ്ങിൽ സാംസ്കാരിക കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം. അഞ്ജന സ്വാഗതം ആശംസിച്ചു. ഐഡിഎസ്എഫ്എഫ്കെ ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. ഫിക്ഷൻ ജൂറി ചെയർപേഴ്സൺ സഞ്ജു സുരേന്ദ്രൻ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡുകളും നോൺ ഫിക്ഷൻ വിഭാഗത്തിലെ ജൂറി റിപ്പോർട്ടും അവാർഡുകളും ജൂറി ചെയർപേഴ്സൺ രുചിർ ജോഷിയും പ്രഖ്യാപിച്ചു.
ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഫിക്ഷൻ ജൂറി അംഗങ്ങൾക്കുള്ള ഉപഹാരവും മന്ത്രി പി സി വിഷ്ണുനാഥ് നോൺ ഫിക്ഷൻ ജൂറി അംഗങ്ങൾക്കുള്ള ഉപഹാരവും സമ്മാനിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇൻ ചാർജ് സി സി സജിത് നന്ദി രേഖപ്പെടുത്തി.
പി.എൻ.എക്സ്. 4061/2026
- Log in to post comments