Skip to main content
കായിക അസോസിയേഷൻ ഭാരവാഹികളുടെ യോഗം : ജില്ലയുടെ സമഗ്ര കായിക വികസനം ലക്ഷ്യം; ജില്ലാ കലക്ടർ

കായിക അസോസിയേഷൻ ഭാരവാഹികളുടെ യോഗം : ജില്ലയുടെ സമഗ്ര കായിക വികസനം ലക്ഷ്യം; ജില്ലാ കലക്ടർ

 

ജില്ലയിലെ വിവിധ കായിക അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ വിവരങ്ങൾ സ്കൂൾ കുട്ടികളെ അറിയിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒരു ഗ്രീൻ ചാനൽ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കലക്ടർ പി വിഷ്ണുരാജ് പറഞ്ഞു.  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ വിവിധ കായിക മേഖലകളിലെ അംഗീകൃത അസോസിയേഷനുകളുടെ ഭാരവാഹികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കായിക മേഖലയുടെ നിലവിലെ സ്ഥിതി, നേരിടുന്ന പ്രശ്നങ്ങൾ, അസോസിയേഷനുകളുടെ പ്രവർത്തനം, അവരുടെ സംഭാവന തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിനാണ് ജില്ലാ സ്പോർട്സ് കൌൺസിലുമായി സഹകരിച്ച് ജില്ലാ കലക്ടർ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ചത്.

ഓരോ കായിക അസോസിയേഷനുകളും ചെയ്യുന്ന പ്രവൃത്തികളും നേരിടുന്ന പ്രശ്നങ്ങളും ഭാരവാഹികൾ ജില്ലാ കലക്ടറെ ബോധിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഭാരിച്ച പരിശീലന മത്സര നടത്തിപ്പ് ചെലവുകൾ, പരിശീലനത്തിനായി ഗ്രൌണ്ടുകൾ, ട്രാക്കുകൾ, നീന്തൽ കുളങ്ങൾ, മാറ്റുകൾ, ഫാളിംഗ് ബെഡുകൾ, പരിശീലന ഉപകരണങ്ങൾ എന്നിവയുടെ അഭാവം, പരിശീലന സിദ്ധിയുള്ള പരിശീലകരുടെ ദൗർലഭ്യം, സ്പോൺസമാരെ കിട്ടായ്ക, ഭാരിച്ച സ്റ്റേഡിയം വാടക, തുടങ്ങി നിരവധി പ്രശ്നങ്ങൾ അസോസിയേഷൻ പ്രതിനിധികൾ ജില്ലാകലക്ടറെ ധരിപ്പിച്ചു.  ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കേരളത്തിനായി 36000കോടി രൂപ വകയിരുത്തിയതായും മികച്ച പ്രൊജക്ടുകൾ വഴി ഈ തുകയിലൊരു ഭാഗം ജില്ലയിലെ കായിക മേഖലയുടെ വികസനത്തിനുപയോഗിക്കാൻ കഴിയുമെന്നും  ജില്ലാകലക്ടർ പി വിഷ്ണുരാജ് പറഞ്ഞു.

ജില്ലയിൽ നടപ്പാക്കേണ്ട പദ്ധതികളിൽ മുഖ്യം അമ്പത് മീറ്ററിലേറെ നീളം വരുന്ന നീന്തൽ കുളവും ആയോധന കലാ പരിശീലനത്തിനുള്ള മാറ്റുകളുമാണെന്നും ഇവ അടിയന്തിരമായി നടപ്പിൽ വരുത്താനുള്ള നടപടികൾക്ക് ജില്ലാ ഭരണകൂടം നേതൃത്വം നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.  ആറളം മേഖല കേന്ദ്രീകരിച്ച് ഫൂട്ബോൾ പരിശീലനത്തിനുള്ള പരിശീലകരെ ലഭ്യമാക്കിയാൽ കളിസ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.  കായിക താരങ്ങളുടെ വളർച്ചയ്ക്കായി 'സ്പോൺസർ ദി ചാമ്പ്യൻ' എന്ന ക്യാമ്പെയിന് രൂപം നൽകാൻ കഴിയുമോ എന്ന കാര്യം അസോസിയേഷനുകൾ ആലോചിക്കണമെന്നും അത്തരം സന്ദർഭത്തിൽ ജില്ലാഭരണകൂടത്തിൻ്റെ പരിപൂർണ സഹായം ഉണ്ടാകുമെന്നും കലക്ടർ പി വിഷ്ണുരാജ് വ്യക്തമാക്കി.  ജില്ലാ യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ സന്നിഹിതനായി.
 

date