Skip to main content

മുതിർന്ന പൗരന്മാർ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോൺ

മുതിർന്ന പൗരന്മാർ സമൂഹത്തിന് ബാധ്യതയല്ലെന്നും 'സിൽവർ ഇക്കോണമി'യുടെ ഭാഗമായി കാണേണ്ട വലിയ സാധ്യതയാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭാവിയിൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യാ വർധനവ് മുന്നിൽകണ്ട് മികച്ച പദ്ധതികൾ സർക്കാർ നടപ്പിലാക്കും. പ്രായം കൂടുന്നതിനനുസരിച്ച് വരുമാന സ്രോതസ്സുകളും തൊഴിലെടുക്കാനുള്ള ശാരീരികശേഷിയും കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക പിന്തുണയും പരിചരണവും ഉറപ്പാക്കുന്ന ഇടപെടലുകളാണ് ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമായി സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശമാണ് സംസ്ഥാനതല വയോജന ദിനാഘോഷത്തിലൂടെ നൽകുന്നത്. പുതിയ തലമുറയിലെ കുട്ടികളെയും വയോജനങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കെ മുരളീധരൻ മുതിർന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. കിടപ്പുരോഗികളുടെ വീടുകളിലെത്തി ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങളെ അടിയന്തരമായി ആശുപത്രികളിലെത്തിക്കുന്നതിനായി ഐ സി യു സൗകര്യമുള്ള 300 പുതിയ 108 ആംബുലൻസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ നിരത്തിലിറക്കും. മക്കൾ വിദേശത്തും മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനാൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരന്മാരെ സമൂഹത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് തയാറാക്കിയ മുതിർന്ന പൗരന്മാർക്കുള്ള സമഗ്ര ഹെൽത്ത് കെയർ ആക്ഷൻ പ്ലാൻ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വി ഡി സതീശന് മന്ത്രി കെ മുരളീധരൻ കൈമാറി.

പി.എൻ.എക്‌സ്. 4063/2026

date