Skip to main content

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ ഇനി ചരിത്രം: എട്ട് എം.ജി.എൽ.സികൾ എൽ.പി സ്‌കൂളുകളാക്കി ഉയർത്തി

* സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

സംസ്ഥാനത്ത് പ്രവർത്തിച്ചുവന്നിരുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എം.ജി.എൽ.സി.) സർക്കാരിന്റെ ആദ്യ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ഗവ. ലോവർ പ്രൈമറി സ്‌കൂളുകളായി ഉയർത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേൽമുറി ബദൽ സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങൾ എന്ന സംവിധാനം ഉണ്ടാകില്ലെന്നും കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള പൂർണ്ണ സജ്ജമായ എൽ.പി. സ്‌കൂളുകളായി ഇവയെല്ലാം പ്രവർത്തിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, താനൂർ കാളംതുരുത്തി, വണ്ടൂർ അരിമണൽ, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ചു ബദൽ സ്‌കൂളുകളും കാസർകോട് ജില്ലയിലെ ആലൂർ, ഇടുക്കി കുറത്തികുടി, കണ്ണൂർ കാലാങ്കി എന്നിങ്ങനെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എൽ.പി സ്‌കൂളുകളാക്കി ഉയർത്തിയത്.  ഈ വിദ്യാലയങ്ങളിലെല്ലാം ക്ലാസ് മുറികളും പ്രധാനാധ്യാപകന്റെ മുറിയും ആവശ്യമായ അധ്യാപക തസ്തികകളും ഉടൻ ഉറപ്പാക്കുമെന്നും മേൽമുറി സ്‌കൂളിലേക്ക് പ്രിയങ്ക ഗാന്ധി എം.പിയുടെ ഫണ്ടിൽ നിന്ന് വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6,000 എൽ.പി, യു.പി സ്‌കൂളുകളിൽ 'ഡിജിറ്റൽ സ്‌ക്വയർ' വഴി സ്മാർട്ട് ക്ലാസ് സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും ഹൈസ്‌കൂളുകളിൽ നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 അധിക ബാച്ചുകൾ അനുവദിച്ചതിലൂടെയും സ്പെഷ്യൽ ഉത്തരവുകളിലൂടെയും പതിനായിരത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം നൽകാനായി. സ്‌കൂളുകളിൽ കായിക അധ്യാപകരുടെ തസ്തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാർഥികൾ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതൽ സമഗ്രമായ മാറ്റങ്ങൾക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, കുഴിമണ്ണ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മഹ്‌മൂദ്, സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് മുതീരി, കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാലത്തിൽ ബാപ്പു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കാവുംതൊടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സലാവുദ്ദീൻ പുല്ലത്ത്, സമഗ്ര ശിക്ഷ മലപ്പുറം ഡി.പി.സി. ഡോ. എം.പി. ഷാഹുൽ ഹമീദ്, കിഴിശ്ശേരി എ.ഇ.ഒ. സൈതലവി അന്നാരത്തൊടിക, പി.ടി.എ. പ്രസിഡന്റ് എം. അബ്ദുല്ല, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണം നാടിന്റെ കടമ; സർക്കാറിനൊപ്പം ജനകീയ പിന്തുണയും വേണം: മന്ത്രി പി.കെ. ബഷീർ 

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. മലപ്പുറം കിഴിശ്ശേരി മേൽമുറി ബദൽ സ്‌കൂളിൽ സംസ്ഥാനത്തെ എട്ട് ബദൽ വിദ്യാലയങ്ങളെ സർക്കാർ എൽ.പി. സ്‌കൂളുകളാക്കി ഉയർത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.  മികച്ച അധ്യാപകരും സർക്കാർ നൽകുന്ന സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും അടക്കമുള്ള ആനുകൂല്യങ്ങളും ഉള്ളപ്പോൾ രക്ഷിതാക്കൾ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ തന്നെ ചേർക്കാൻ തയ്യാറാകണം. വരുന്ന അധ്യയന വർഷത്തിൽ ഈ സ്‌കൂളുകളിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂളുകളുടെ വളർച്ച ഉറപ്പാക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലയിലെ വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യ വികസനത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രിയങ്ക ഗാന്ധി എം.പി.മുഖേന മേൽമുറി സ്‌കൂളിനായി സ്‌കൂൾ ബസ് അനുവദിക്കുന്നതിനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബദൽ സ്‌കൂളുകൾക്കായി ദീർഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരുടെ സർവീസും യോഗ്യതയും പരിഗണിച്ച് അവരെ പുനരധിവസിപ്പിക്കാനും നിയമനം നൽകാനുമുള്ള അനുഭാവപൂർവ്വമായ നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

സാധാരണക്കാരായ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ആരംഭിച്ച ബദൽ സ്‌കൂളുകൾ ഇന്ന് സർക്കാർ സ്‌കൂളുകളായി മാറുന്നത് നാടിന്റെ വലിയ വിജയമാണെന്നും ഉൾനാടൻ-പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളെ അക്ഷരലോകത്തേക്ക് കൊണ്ടുവരാൻ തുടങ്ങിയ ബദൽ വിദ്യാലയങ്ങൾ നിലനിർത്തുന്നതിൽ നാട്ടുകാരും രക്ഷിതാക്കളും വലിയ ത്യാഗമാണ് അനുഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 4097/2026

date