Skip to main content
വയോജനങ്ങളുടെ സ്വത്ത് കൈമാറ്റം; കരുതല്‍ വേണമെന്ന് സെമിനാര്‍

വയോജനങ്ങളുടെ സ്വത്ത് കൈമാറ്റം; കരുതല്‍ വേണമെന്ന് സെമിനാര്‍

 

വയോജനങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഏറുകയാണ്. സ്വത്തെല്ലാം കൈക്കലാക്കിയതിന് ശേഷം അച്ഛനമ്മമാരെ വഴിതള്ളുന്ന സംഭവങ്ങള്‍ ചുറ്റുപാടുകളില്‍ ഏറെയുണ്ട്. ഇതിനെതിരെ വയോജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വയോജന സെമിനാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വയോജന ദിനത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വയോജന സംരക്ഷണവും ആരോഗ്യകരമായ വാര്‍ദ്ധക്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജെ.സി.ഐ ട്രെയിനറും ഡി.എല്‍.എസ്.എ പാനല്‍ അംഗവുമായ അഡ്വ. കെ.എ.പ്രദീപ് വിഷയാവതരണം നടത്തി. 
വയോനജങ്ങള്‍ക്ക് ട്രിബ്യൂണലുകള്‍ നിയമപരമായ ഒട്ടേറെ സംരക്ഷണം നല്‍കുന്നുണ്ട്. വീതം വെച്ച് നല്‍കിയ സ്വത്തുക്കള്‍ പോലും വീണ്ടെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരമാണ്. നിയമ പരമായ ഉത്തരവാദിത്തം കൂടിയാണത്. ഇതിന് വീഴ്ച വരുത്തുന്നവര്‍ നിയമപരമായ ശിക്ഷാര്‍ഹരാണ്. പരാതികള്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. സ്വയം പരാതി നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മറ്റുള്ളവരുടെ സഹായത്തോടെയും പരാതികള്‍ നല്‍കാം. സ്വയം ആര്‍ജ്ജിച്ചതോ പരമ്പരാഗതവുമായതോ ആയ സ്വത്തുക്കള്‍ കൈമാറ്റം നടത്തുമ്പോള്‍ സ്വത്ത് കൈമാറ്റം ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള നിയമ വാചകങ്ങളും ആധികാരിക രേഖകളില്‍ ഉള്‍പ്പെടുത്തണം. ചികിത്സ പരിരക്ഷയെല്ലാം ഈ പരിധിയില്‍ വരുന്നതാണ്. അവകാശികളുടെ ബാധ്യത ഉത്തരവാദിത്തം എന്ന ഗണത്തില്‍ നിര്‍വചിക്കപ്പെടുന്ന വ്യവസ്ഥകളാണിത്. ജാഗ്രതയോടുള്ള ഇടപെടലുകളാണ് അനിവാര്യം. ഇതിലേക്കെല്ലാം വിരല്‍ ചൂണ്ടുന്നതായിരുന്നു വയോജന സെമിനാര്‍. പുതുയുഗകേരളം വയോജന സൗഹൃദ കേരളമാകണമെന്നും സെമിനാര്‍ അടിവരയിട്ടു. വയോജന സംഘടന പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

date