ഉത്സവാന്തരീക്ഷത്തില്‍ തുവ്വക്കാട് പാലം മന്ത്രി പി.കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു
എടവണ്ണ പഞ്ചായത്തിലെ തുവ്വക്കാട്ടുകാരുടെ ദീര്‍ഘകാല സ്വപ്‌നമായ തുവ്വക്കാട് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു ഗതാഗതത്തിന് തുറന്നുകൊടുത്തു. പ്രദേശത്തെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിനാളുകളാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്. പ്രദേശ വാസികളുടെ യാത്രാ ദുരിതത്തിന് ഇതോടെ ശാശ്വത പരിഹാരമായി. 5.6 കോടി രൂപ ചെലവില്‍ ഒന്‍പത് മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്തോടു കൂടിയാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ ഉടമകളെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ചാലിയാറിന് കുറുകെ എടവണ്ണ പഞ്ചായത്തില്‍ പുതിയൊരു പാലം കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. ആര്യന്തൊടികയില്‍ 31.43 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ഭരണാനുമതി ലഭിച്ചു. ഈ മാസം തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു നവംബറില്‍ ടെന്‍ഡര്‍ തുറക്കും. ഡിസംബര്‍ ആദ്യ വാരത്തോടെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാനാകും. പാലപ്പറ്റയില്‍ നിന്ന് ആര്യന്തൊടിക വഴി ഒതായിയിലെത്തി രണ്ട് പിഡബ്ല്യുഡി റോഡുകളെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട പാലം. തുവ്വക്കാട് പ്രദേശത്തെ ബദല്‍ സ്‌കൂള്‍ അടുത്ത മാസം മുതല്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളുള്ള സര്‍ക്കാര്‍ എല്‍.പി സ്‌കൂളായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി സമഗ്ര പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മഞ്ചേരിയില്‍ തുറക്കല്‍ ഫ്‌ളൈ ഓവര്‍ ഉള്‍പ്പെടെ 75 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പാക്കേജും മലപ്പുറം നഗരത്തിനായി 101 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. കൂടാതെ മോങ്ങം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ബൈപ്പാസുകളും യാഥാര്‍ത്ഥ്യമാക്കും. ചെരണി - പന്നിപ്പാറ റോഡ് ഒന്നര വര്‍ഷത്തിനകം റബ്ബറൈസ് ചെയ്ത് നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ആയിഷ, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനീറ സമദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്‌റഫ്, എടവണ്ണന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ് കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഹസ്‌ന മാടശ്ശേരി, ലുക്ക്മാന്‍ വി.പി, എടവണ്ണ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ അഷ്‌റഫ് പി.കെ, സഹല നൗഷാദ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.വി. മനാഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.എ. കരീം, കെ. റഹീം, എ. അബ്ദുല്‍ ഷുക്കൂര്‍, ഷിഹാബ് പുതുശ്ശേരി, അഡ്വ. കെ.പി ബാബുരാജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് വി.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ സ്വാഗതവും സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിശ്വപ്രകാശ് ഇ.ജി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
- Log in to post comments