അഷ്ടമുടി വാട്ടര്‍ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ വിളംബര ജാഥ ഈ മാസം ആറിന്
കൊല്ലത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ മാറ്റുന്നതിനും ജില്ലയിലെ സാംസ്‌കാരിക മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഷ്ടമുടി വാട്ടര്‍ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ വിളംബരജാഥ ഒക്ടോബര്‍ ആറിന് നടക്കും. വൈകീട്ട് 4 മണിക്ക് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബരജാഥ ചിന്നക്കട ജംഗ്ഷനില്‍ സമാപിക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എസ് പി സി, എന്‍ സി സി, എന്‍ എസ് എസ് തുടങ്ങിയവയ്‌ക്കൊപ്പം പൊതുജനങ്ങളും പങ്കാളികളാകുന്ന വിളംബരജാഥയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും. ഒക്ടോബര്‍ 7 മുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്ന മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥമാണ് വിളംബരജാഥ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും സംസ്ഥാനത്തിനകത്ത് നിന്നുള്ള കലാകാരന്‍മാരും പങ്കെടുക്കുന്നതാണ് 5 ദിവസം നീളുന്ന മ്യൂസിക് ഫെസ്റ്റിവല്‍. ഒക്ടോബര്‍ ഏഴിന് രാജസ്ഥാനില്‍ നിന്നുള്ള ദ മംഗനിയാര്‍ സെഡക്ഷന്‍, 8ന് അരകവ്യൂഹം, 9ന് ഹംസി ആന്‍ഡ് ബാന്‍ഡ്, 10ന് ശംഖ ട്രൈബ്, 11ന് ഇന്‍ഡോറില്‍ നിന്നുള്ള ഇന്ത്യന്‍ ഓഷ്യന്‍ എന്നീ ബാന്‍ഡുകളുടെ പരിപാടികളാണ് നടക്കുക. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ദിവസവും രാത്രി 7 മുതല്‍ എട്ടര വരെയാണ് പരിപാടികള്‍. അഷ്ടമുടി വാട്ടര്‍ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ കെ ഇമ്പശേഖര്‍ ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തില്‍ ഡി എം ഒ ഡോ. ഷീജ എ എല്‍, ഡി സി ആര്‍ ജി എ സി പി സുരേഷ് ആര്‍, തഹസില്‍ദാര്‍ അജിലാല്‍ എ എസ്, ഡി ടി പി സി സെക്രട്ടറി ജ്യോതിഷ് കേശവന്‍ തുടങ്ങിയവരടക്കം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments