Skip to main content

തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷ പരിശോധന നടത്തി

ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി  പാചക എണ്ണയുടെ പുനരുപയോഗം നടക്കുന്നുവെന്ന പരാതികളുയര്‍ന്ന സാഹചര്യത്തില്‍  സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ തെളിമ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. ജില്ലയില്‍ ആറ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് കൊല്ലം നഗരം കേന്ദ്രീകരിച്ച് നടത്തിയ ഡ്രൈവില്‍ 96 കടകള്‍ പരിശോധിച്ചു. ഇതേത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിച്ച എട്ടു കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. വൃത്തിഹീനമായ 14 കടകള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്‍കി.
ഉപയോഗിച്ച എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ടിപിസി മെഷീന്റെയും മൊബൈല്‍ ലാബിന്റെയും സഹായത്തോടുകൂടിയായിരുന്നു പരിശോധന. വിവിധ കടകളില്‍ നിന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണയുടെ 24 സാമ്പിളുകള്‍ എടുത്ത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി. ചില തട്ടുകടകളില്‍ പാത്രങ്ങള്‍ വെളളത്തില്‍ വൃത്തിയായി കഴുകാതെ തുടച്ച് എടുക്കുന്നതായി കണ്ടെത്തി. ഈച്ചശല്യം കൂടുതലുള്ള കടകള്‍ക്കും നോട്ടീസ് നല്‍കി. മാലിന്യം ശരിയായി നീക്കം ചെയ്യാത്തതും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തി.  ഭക്ഷ്യവസ്തുക്കള്‍ അടച്ച് സൂക്ഷിക്കാനും കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം നല്‍കാനും ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
 
 

date