Skip to main content

വയോജനദിനം 2026 സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശന്‍

അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് തൊടുപുഴ പാറക്കടവ് മോഡല്‍ സായംപ്രഭ ഹോമില്‍ സംഘടിപ്പിച്ച വയോജനദിനാഘോഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഹോണര്‍ എ ഹോം പദ്ധതിയുടെയും വയോജന അയല്‍പക്ക സഹായ ശൃംഖല പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കി സില്‍വണ്‍ എക്കോണമി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിഭാഗമാക്കി മുതിര്‍ന്ന പൗരന്മാരെ പരിഗണിക്കുന്ന സംസ്‌കാരത്തിന് തുടക്കമിടുകയാണ് വയോജന വകുപ്പ് രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയ്ക്കും നാടിനും പ്രയോജനകരമായി മുതിര്‍ന്ന പൗരന്മാരെ മാറ്റുകയാണ് ലക്ഷ്യം.  വയോജന ഡയറക്ടറേറ്റിനു പുറമേ ജില്ലാ ഓഫീസുകള്‍, മുഖ്യമന്ത്രി ചെയര്‍മാനായി ഗവേണിംഗ് കൗണ്‍സില്‍, സാങ്കേതിക ഉപദേശക സമിതി, ജില്ലാ കളക്ടര്‍ അധ്യക്ഷനായി സീനിയര്‍ സിറ്റിസണ്‍ സെല്‍, കെയര്‍ വര്‍ക്ക് ഫോഴ്‌സ് എന്നിവയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തില്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സ് കോഴ്‌സ് തുടങ്ങും.

എല്ലാ പഞ്ചായത്തിലും ഫെസിലിറ്റേഷന്‍ ഡെസ്‌ക്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രിവിലേജ് എന്നിവ ഉറപ്പാക്കും. ലീഗല്‍ ഗ്യാരന്റി ഉറപ്പാക്കാന്‍ സമഗ്ര നിയമം നടപ്പാക്കും. ഒരു സമൂഹം പരിഷ്‌കൃതമാണോ എന്നു തിരിച്ചറിയുന്നത് ആ സമൂഹം മുതിര്‍ന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വകുപ്പിന്റെ ഔദ്യോഗിക ലോഗോയും വിവിധ പദ്ധതികളുടെ വെബ് പോര്‍ട്ടലും മുഖ്യമന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്തു.
വിവിധ സായംപ്രഭ ഹോമിലെ മുതിര്‍ന്നവരുമായി മുഖ്യമന്ത്രി സംവദിച്ചു.

സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം പാറക്കടവ് സായംപ്രഭ ഹോമിലെ അമ്മമാരുടെ കലാപരിപാടികളും നടന്നു. മുട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരും മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം ആഘോഷത്തിന്റെ ഭാഗമായി.

സായംപ്രഭ ഹോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാര്‍ഡി കൗണ്‍സിലര്‍ നിഷ സോമന്‍, മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്‍എസ്എസ് കോ-ഓഡിനേറ്റര്‍ രാഖി റോയ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുഷമ ജോയ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ദീപു എം.എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.
 

date