Skip to main content

മാലിന്യനിർമാർജനം സാമൂഹിക ഉത്തരവാദിത്തമാകണം:  മന്ത്രി എം ലിജു 'നിർമലം' പുതുയുഗ ശുചിത്വകേരളം ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

 

മാലിന്യനിർമ്മാർജ്ജനം സാമൂഹിക ഉത്തരവാദിത്തമാകണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു. ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽസംഘടിപ്പിച്ച "നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് "നിർമ്മലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിൻ. നാടിന്റെ വികസനം വിപുലീകരിക്കാനും രോഗമുക്തമാക്കാനും മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.; നാടിന്റെ പൊതുശുചിത്വം ഉറപ്പാക്കാൻ ഓരോ പൗരനും ബാധ്യതയുണ്ട്. പൊതു ജലാശയങ്ങൾ ശുചീകരിക്കണം. വീടുകളിൽ ഉറവിട മാലിന്യ സംസ്ക്കരണം വ്യാപകമായി നടപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യം പൊതുവിടങ്ങളിൽ നിക്ഷേപിക്കുന്ന മനോഭാവം മാറണം. നാടിന്റെ പൊതുശുചിത്വം ഉറപ്പാക്കാൻ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഏവരും ഒന്നിക്കണമെന്നും മന്ത്രി  എം ലിജു പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വേസ്റ്റ് ടു ആർട്ട് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം മന്ത്രി നിർവഹിച്ചു. ആലപ്പുഴ നഗരസഭ പരിധിയിൽ 100% മാലിന്യ ശേഖരണം പൂർത്തിയാക്കിയ ഹരിത കർമ്മ സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ എഡി തോമസ് എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാ രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി സനൽ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ജ്യോതിമോൾ, വാർഡ് കൗൺസിലർ നാസിയ ടീച്ചർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ സി അലക്സ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി എ ജസ്റ്റിൻ ക്യാമ്പയിൻ വിശദീകരിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കൾ, ഹരിത കർമ്മ സേനാംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date