Skip to main content

രാഷ്ട്രീയ പോഷണ്‍ മാ 2026 സംഘടിപ്പിച്ചു

'ഹമാരി അംഗന്‍വാടി, ഹമാരി ജിമ്മേദാരി'' അഥവാ നമ്മുടെ അംഗന്‍വാടി, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തി ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍ പോഷണ്‍ അഭിയാന്‍-രാഷ്ട്രീയ പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ്  രാഷ്ട്രീയ പോഷന്‍ മാ -2026  സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 8 വരെ ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. മാനവീയം വീഥിയില്‍ നടന്ന പരിപാടിയില്‍ മുന്‍ ജില്ലാ കളക്ടര്‍ അനു കുമാരി വിശിഷ്ടാതിഥി ആയിരുന്നു. കുട്ടികളുടെ പോഷണം, ആരോഗ്യപരിപാലനം, അങ്കണവാടി സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ഭാവിക്കായി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് പോഷണ്‍ മാ പദ്ധതിയുടെ ലക്ഷ്യം. 
ലഘുനാടകം, ഫ്ലാഷ് മോബ്, കഥാപ്രസംഗം, വിവിധ കലാപരിപാടികള്‍ എന്നിവയും പഴം - പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അമൃതം ന്യൂടിമിക്‌സ് കൊണ്ടുളള പലഹാരങ്ങള്‍ തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണം സംബന്ധിച്ച ഫുഡ് എക്‌സിബിഷനും പരിപാടിക്ക് മികവേകി. അങ്കണവാടി മുഖേന നൽകുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച സേവനവും പരിപാടിയുടെ ഭാഗമായിരുന്നു.  
ജില്ലാ പ്രോഗ്രാം മാനേജര്‍ കവിത റാണി രഞ്ജിത്ത്, 24 ഐസിഡിഎസുകളില്‍ നിന്നുള്ള 3061 അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒ മാര്‍ , മറ്റ് ജീവനക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date