Skip to main content

'സമഗ്ര 2026' രണ്ടാം പതിപ്പ് ഒക്ടോബര്‍ മൂന്നിന് പാലക്കാട്; 100 കോടി രൂപയുടെ വായ്പാ വിതരണം മന്ത്രി കെ എ തുളസി നിര്‍വഹിക്കും

'സമഗ്ര 2026' രണ്ടാം പതിപ്പ് ഒക്ടോബര്‍ മൂന്നിന് പാലക്കാട്;
100 കോടി രൂപയുടെ വായ്പാ വിതരണം മന്ത്രി കെ എ തുളസി നിര്‍വഹിക്കും

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ വികസന പദ്ധതികളുടെ പ്രചാരണ പരിപാടിയായ 'സമഗ്ര 2026' രണ്ടാം പതിപ്പും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ സമാപനവും ഒക്ടോബര്‍ മൂന്നിന് (ശനി) പറളി കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍ അധ്യക്ഷയാകും. മുഖ്യപ്രഭാഷണവും പുതിയ വായ്പ പദ്ധതികളുടെ വിതരണോദ്ഘാടനവും വി. കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. കെ. രാധാകൃഷ്ണന്‍ എം പി മൈക്രോക്രെഡിറ്റ് വായ്പ വിതരണവും, എം.പി അബ്ദു സമദ് സമദാനി എംപി വിദ്യാഭ്യസ വായ്പ വിതരണവും നിര്‍വഹിക്കും.

വനിതകള്‍ക്കായുള്ള പലിശരഹിത 'പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പ', മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 'ജീവന്‍ധാര സീനിയര്‍ സെക്യൂര്‍ വായ്പ' എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. അന്നേ ദിവസം പതിനായിരത്തോളം ഗുണഭോക്താക്കള്‍ക്കായി 100 കോടിയോളം രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിടുന്നത്. ഈ പരിപാടിയോടെ, 100 ദിന കര്‍മ്മ പരിപാടിയിലൂടെ വകുപ്പ് ലക്ഷ്യമിട്ടിരുന്ന മുഴുവന്‍ പദ്ധതികളിലും 100% പുരോഗതി കൈവരിക്കാന്‍ സാധിക്കും. മറ്റു പിന്നാക്ക മത ന്യൂനപക്ഷങ്ങളുടെ സമഗ്രമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് സമഗ്രയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗുണഭോക്താക്കളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിറ്റഴിക്കുന്നതിനുമായി ഡിസംബര്‍ അവസാനവാരം പാലക്കാട് കോട്ടമൈതാനത്ത് ഏഴ് ദിവസത്തെ വിപുലമായ എക്‌സിബിഷനും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കും.

മുഖ്യമന്ത്രി വി. ഡി. സതീശന്റെയും, മന്ത്രി കെ എ തുളസിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 18,377 പേര്‍ക്കായി 272 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഇതില്‍ 80 ശതമാനവും വനിതകള്‍ക്ക് നല്‍കിയത്, സംസ്ഥാനത്തെ സ്ത്രീശാക്തീകരണത്തിനും താഴെത്തട്ടിലുള്ള സാമ്പത്തിക ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ചെറുകിട സംരംഭങ്ങള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, കുടുംബശ്രീ അധിഷ്ഠിത തൊഴിലുകള്‍ എന്നിവയിലൂടെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും, ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വ് നല്‍കാനും ഇതുവഴി സാധിച്ചിട്ടുണ്ട്. ഇതിനുപുറമെ, വനിതകള്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി പലിശരഹിത വായ്പ ലഭ്യമാക്കുന്ന 'പ്രിയദര്‍ശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി', കൂടുതല്‍ വനിതാ സംരംഭകരെ വാര്‍ത്തെടുക്കാനുള്ള സര്‍ക്കാരിന്റെ ശക്തമായ കാല്‍വെപ്പാണ്.

date