Skip to main content

പൊതുവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ; 'WOMN' പദ്ധതി ഇന്ന് (ഒക്ടോബർ 6) മുതൽ

സ്ത്രീകളുടെ യാത്രകൾ സുഗമമാക്കുന്നതിനായി വനിതാശിശു വികസന വകുപ്പ് പൊതുവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി നടപ്പാക്കുന്ന 'WOMN-Women on the Move & Menstrual Need-s' പദ്ധതിക്ക് ഇന്ന് (ഒക്ടോബർ 6) തുടക്കമാകുന്നു.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ടെർമിനലുകൾ/ഡിപ്പോകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 5ന് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ- ശിശുവികസനം, തൊഴിൽ, മൃഗസംരക്ഷണം, ക്ഷീര വികസനം വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. യാത്രാവേളകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും, ഉപയോഗത്തിനു ശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിനുള്ള സൗകര്യവുമാണ് പദ്ധതിയുടെ ലക്ഷ്യം.

പൈലറ്റ് പദ്ധതിയായി കെഎസ്ആർടിസിയുടെ 14 കേന്ദ്രങ്ങളിലാണ് നിലവിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും.പാക്കറ്റിന് 10 രൂപയാണ് വില.

വനിതാ-ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ-ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിക്കായി നിലവിൽ 16 ലക്ഷം രൂപയാണ് വകുപ്പ് വകയിരുത്തിയിട്ടുള്ളത്.

date