കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറം ജില്ലയിലെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ പുരോഗതിയും നിര്‍വഹണ നിലവാരവും വിലയിരുത്തുന്നതിനായി ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) യോഗത്തിലാണ് എം.പി.ഇക്കാര്യം ആവശ്യപ്പെട്ടത്. യോഗത്തില്‍ എം.പി ഫണ്ട് വിനിയോഗം, പ്രധാനമന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ ഫണ്ട് വിനിയോഗവും പുരോഗതിയും അവലോകനം ചെയ്തു.
എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ ജില്ല പൊതുവെ മികച്ച പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊന്നാനി മണ്ഡലത്തില്‍ 80 ശതമാനവും, മലപ്പുറം മണ്ഡലത്തില്‍ 86.39 ശതമാനവും, വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഫണ്ടില്‍ 90.21 ശതമാനവും തുക വിനിയോഗിച്ചതായും ബാക്കി തുക പുതിയ ടേമിലേക്ക് ക്യാരി ഓവര്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പതിനെട്ടാം ലോക്സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ 75 ശതമാനത്തോളം തുകയ്ക്ക് ഭരണാനുമതി ലഭിക്കുകയും 42.32 ശതമാനം തുക ഇതിനകം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വഴി കഴിഞ്ഞ പാദത്തില്‍ 244 കോടി രൂപയും മുദ്ര യോജന വഴി 387 കോടി രൂപയും വായ്പ അനുവദിച്ചു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ 9.11 ലക്ഷം അക്കൗണ്ടുകളും സുരക്ഷാ ബീമാ യോജനയില്‍ 9.46 ലക്ഷം രജിസ്‌ട്രേഷനുകളും ജില്ലയില്‍ പൂര്‍ത്തിയായി. എന്നാല്‍ ജീവന്‍ ജ്യോതി ബീമാ യോജനയില്‍ പ്രീമിയം തുക ഉയര്‍ന്നതിനാലുള്ള പങ്കാളിത്തക്കുറവ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
തപാല്‍ വകുപ്പ് മുഖേന ആധാര്‍ മേളകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് പുതിയ എന്റോള്‍മെന്റുകളും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിതരണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പുനരുദ്ധരിച്ച വിതരണ മേഖല പദ്ധതിയില്‍ 129.78 കോടി രൂപയുടെ സര്‍ക്കിള്‍ ലെവല്‍ പാക്കേജുകളില്‍ മഞ്ചേരി, നിലമ്പൂര്‍ സര്‍ക്കിളുകള്‍ 100 ശതമാനവും തിരൂര്‍ 80 ശതമാനവും പൂര്‍ത്തിയായി. കൂടാതെ നോര്‍ത്ത് സര്‍ക്കിളിന്റെ 249 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2027 മെയ് മാസത്തോടെ പൂര്‍ത്തിയാകും.
കോഴിക്കോട് വിമാനത്താവള വികസനവും സുരക്ഷാ മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി 20 കിലോമീറ്റര്‍ പരിധിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കേണ്ട എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ കൊണ്ടോട്ടിയിലും പരിസരങ്ങളിലും ജനങ്ങള്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കാതെ വലിയ ദുരിതത്തിലാണെന്ന് ടി.പി. അഷ്‌റഫലി എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ സര്‍വേകള്‍ പോലും തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്ന് ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു.
സ്വച്ഛ് ഭാരത് മിഷന്‍ ഫേസ്-2 കാലയളവ് അവസാനിക്കാറായ സാഹചര്യത്തില്‍ അനുവദിച്ച ഫണ്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പൂര്‍ണ്ണമായി വിനിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. പുതിയ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നിലവില്‍ വന്നതിനാല്‍ ഗ്രാമപഞ്ചായത്തുകളിലെ ഖരമാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ തുക വകയിരുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഐ.സി.ഡി.എസ് മുഖേനയുള്ള അങ്കണവാടികള്‍, സ്‌പെഷ്യല്‍ ന്യൂട്ട്രിഷന്‍ പ്രോഗ്രാം എന്നിവയ്ക്ക് ഫണ്ട് ലഭ്യമായിട്ടുണ്ടെങ്കിലും ക്രഷ് ജീവനക്കാരുടെ വേതനക്കുറവ് വലിയൊരു പ്രതിസന്ധിയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ക്ഷേമ പെന്‍ഷനുകളും റേഷന്‍ വിഹിതങ്ങളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കാനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, ടി.പി.അഷ്‌റഫലി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.ആര്‍.ഡി.എ. പ്രൊജകട് ഡയറക്ടര്‍ നൈസി റഹ്‌മാന്‍, വിവിധ ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ എം.എല്‍.എ, എം.പി.മാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments