തൃശൂരിൽ സംയോജിത പൊതുജനാരോഗ്യ ലാബും വാക്സിൻ സ്റ്റോറും മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു* സർക്കാർ മുൻഗണന നൽകുന്നത് രോഗ പ്രതിരോധത്തിന് ,വാക്സിനേഷനുകളോട് സഹകരിക്കണമെന്നും മന്ത്രി
ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിൽ രോഗനിർണ്ണയം കൂടുതൽ വേഗത്തിലാക്കുന്നതിനായുള്ള സംയോജിത പൊതുജനാരോഗ്യ ലാബിന്റെയും, വാക്സിനുകളും മരുന്നുകളും സുരക്ഷിതമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനുള്ള ജില്ലാ വാക്സിൻ ആൻഡ് കുടുംബക്ഷേമ സ്റ്റോറിന്റെയും ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു.
രോഗങ്ങൾ വരുന്നതിനു മുൻപ് തന്നെ അവ തടയുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാൽ, എച്ച്.പി.വി, അഞ്ചാംപനി തുടങ്ങിയ പ്രതിരോധ വാക്സിനേഷനുകളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം.
സംസ്ഥാനത്തെ മരുന്ന് ലഭ്യത സംബന്ധിച്ച പ്രചരണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധവും വിതരണക്കാരുടെ പിന്മാറ്റവും മൂലമാണ് ചില മരുന്നുകളുടെ വിതരണത്തിൽ താൽക്കാലിക തടസ്സം നേരിട്ടത്. ഈ സാഹചര്യം മറികടക്കാൻ കെ.എം.സി.എൽ മുഖേന മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, പ്രാദേശികമായി ആവശ്യമായ മരുന്നുകൾ എച്ച്.ഡി.എസ്, എച്ച്.എം.സി എന്നിവ വഴി നേരിട്ട് വാങ്ങാൻ ആശുപത്രികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മരുന്ന് ലഭ്യത വിലയിരുത്താൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ ആരോഗ്യ വകുപ്പുമായി ഏകോപിച്ച് പ്രവർത്തിക്കണം. വിദ്യാലയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധനകൾ നടത്തും.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയോ ജീവനക്കാരുടെയോ ക്ഷാമം കാരണം സേവനങ്ങൾ തടസ്സപ്പെടാൻ അനുവദിക്കില്ല. ആരോഗ്യമേഖലയിൽ സ്വകാര്യ മേഖല നൽകുന്ന സേവനങ്ങളെ മാനിക്കുന്നതോടൊപ്പം തന്നെ, സ്വകാര്യ ആശുപത്രി മേഖലയിലെ ചികിത്സാ നിരക്കുകളിലും സേവനങ്ങളിലും അനാവശ്യമായ തുക ഈടാക്കുന്നത് തടയാൻ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് മാത്രമേ സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
രാജൻ ജെ. പല്ലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. സുജാത എം. സ്വാഗതവും ജില്ലാ സർവേലൻസ് ഓഫീസർ ഡോ. ഗീത കെ.വി. കൃതജ്ഞതയും രേഖപ്പെടുത്തി.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, ഡിവിഷൻ കൗൺസിലർ വിഭിത വാസു, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ., ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ തുടങ്ങിയവർ സംസാരിച്ചു.
*പദ്ധതികളുടെ പ്രധാന സവിശേഷതകൾ*
സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന പ്ലാൻ ഫണ്ടും എൻ.എച്ച്.എം. ഫണ്ടും ഉപയോഗിച്ചാണ് സംയോജിത പൊതുജനാരോഗ്യ ലാബും ജില്ലാ വാക്സിൻ & കുടുംബക്ഷേമ സ്റ്റോറുംപൂർത്തിയാക്കിയിട്ടുള്ളത്.
എൻ.എച്ച്.എം. ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് 415 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിലാണ് ജില്ലാ വാക്സിൻ & കുടുംബക്ഷേമ സ്റ്റോർ പ്രവർത്തിക്കുന്നത്. 20-ഓളം ഡീപ് ഫ്രീസറുകൾ ഉൾപ്പെടുന്ന കോൾഡ് ചെയിൻ വർക്ക്ഷോപ്പ്, ജനറേറ്റർ സൗകര്യം, ആവശ്യത്തിന് ഗുളികകളും മരുന്നുകളും സൂക്ഷിക്കുന്നതിനുള്ള വിപുലമായ സ്റ്റോറേജ് സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവെയ്പുകൾ, വിറ്റാമിൻ/അയേൺ ഗുളികകൾ, പോളിയോ, മീസിൽസ് തുടങ്ങിയ വിപുലമായ രോഗപ്രതിരോധ പ്രചാരണങ്ങൾക്കുള്ള വാക്സിനുകൾ എന്നിവ സുരക്ഷിതമായി സംഭരിക്കാനും തടസ്സമില്ലാതെ വിതരണം ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
ഒപ്പം 1.25 കോടി രൂപ ചെലവിൽ ബയോ സേഫ്റ്റി ലെവൽ-2 മാനദണ്ഡങ്ങൾ പാലിച്ചാണ് സംയോജിത പൊതുജനാരോഗ്യ ലാബ് സ്ഥാപിച്ചിരിക്കുന്നത്. പകർച്ചവ്യാധി നിർണ്ണയം, ഹെമറ്റോളജി, ക്ലിനിക്കൽ ബയോ കെമിസ്ട്രി, മൈക്രോബയോളജി, വൈറോളജി, പാത്തോളജി തുടങ്ങിയ പരിശോധനകളെല്ലാം ഒറ്റക്കുടക്കീഴിൽ ലഭ്യമാകുന്ന ഈ ലാബ് മേഖലയിലെ കേന്ദ്ര ഹബ്ബായി പ്രവർത്തിക്കും. രോഗപകർച്ചകൾ മുൻകൂട്ടി കണ്ടെത്താനും 24x7 അടിയന്തര രോഗനിർണ്ണയ സേവനങ്ങൾ ലഭ്യമാക്കാനും സജ്ജീകരിച്ചിട്ടുള്ള ഈ പദ്ധതി തൃശൂർ ജില്ലയുടെ ആരോഗ്യപരിപാലന രംഗത്ത് വലിയൊരു കാൽവെപ്പാണ്.
- Log in to post comments