ആധാർ അപ്‌ഡേഷൻ ക്യാമ്പും തപാൽമേളയും ഒക്ടോബർ 10-ന്*
തൃശൂർ നോർത്ത് പോസ്റ്റൽ സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആധാർ അപ്‌ഡേഷൻ ക്യാമ്പും തപാൽമേളയും സംഘടിപ്പിക്കുന്നു. ഒക്ടോബർ പത്തിന് അയ്യന്തോൾ തേഞ്ചിത്തുക്കാവ് ഓങ്കാരം ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്.
പുതിയ ആധാർ എൻറോൾമെന്റ്, പേര്, വിലാസം, ജനനത്തീയതി എന്നിവ തിരുത്തൽ, നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരിക്കും. അപ്‌ഡേഷൻ നടത്തുന്നതിനായി ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകൾ കരുതേണ്ടതാണ്. കുട്ടികളുടെ ആധാർ എൻറോൾമെന്റിനായി ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാറും കുട്ടിയുമായി നേരിട്ട് എത്തണം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് സൗജന്യമായിരിക്കും.
ഇതോടൊപ്പം നടക്കുന്ന തപാൽമേളയിൽ വിവിധ കേന്ദ്രസർക്കാർ സമ്പാദ്യ-സുരക്ഷാ പദ്ധതികളിൽ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടൽ പെൻഷൻ യോജന, പ്രധാൻമന്ത്രി സുരക്ഷാ ബിമാ യോജന, പ്രധാൻമന്ത്രി ജീവൻ ജ്യോതി ബിമാ യോജന, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് , സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് ആർ.ഡി, ഫിക്‌സഡ് ഡിപ്പോസിറ്റ്, പി.പി.എഫ്, പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളിൽ പൊതുജനങ്ങൾക്ക് അംഗങ്ങളാകാം. താത്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ്, പാൻ കാർഡ് പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ തുടങ്ങിയ ആവശ്യമായ രേഖകളുമായി എത്തിച്ചേരണം.
- Log in to post comments