Skip to main content

തദ്ദേശ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം: മന്ത്രി കെ. എം. ഷാജി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരമാവധി ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം.ഷാജി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പഞ്ചായത്തിലും ചൂണ്ടിക്കാണിക്കാനാകുന്നതും ഉല്പാദനക്ഷമവുമായ മികച്ച പദ്ധതികൾ ഉണ്ടാകണം. ഗ്രാമങ്ങളിൽ 'നഗരപഞ്ചായത്ത്' എന്ന ആശയം മുൻനിർത്തി ഫണ്ടുകൾ വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ധനകാര്യ കമ്മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.

ഗിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. നാലാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ പ്രൊഫ. എം. എ. ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, ലോക്കൽ ഫിനാൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. നിർമൽ റോയ് വി.പി എന്നിവർ പങ്കെടുത്തു.

വിവിധ സെഷനുകളിലായി നടന്ന ശില്പശാലയിൽ നയരൂപീകരണ വിദഗ്ധർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, മുൻ ധനകാര്യ കമ്മിഷൻ അംഗങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

date