പി.എം. പോഷൺ പദ്ധതി: സോഷ്യൽ ഓഡിറ്റ് ജില്ലയിൽ പൂർത്തിയായി
കോഴിക്കോട് കിലയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പി.എം പോഷൺ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് നടപടിക്രമങ്ങൾ ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്തെ 297 വിദ്യാലയങ്ങളിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ അഞ്ച് ഉപജില്ലകളിൽ നിന്നായി 24 വിദ്യാലയങ്ങളെയാണ് സോഷ്യൽ ഓഡിറ്റിംഗിന് തിരഞ്ഞെടുത്തത്.
അധികാര വികേന്ദ്രീകരണ കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഫെസിലിറ്റേർ മാടഞ്ചേരി സത്യനാഥൻ, പി.എം. പോഷൺ ഫെസിലിറ്റേറ്റർമാരായ പി.എം പ്രേമദാസ്, ബഷീർ എടച്ചേരി, സുനിൽ ബാലുശ്ശേരി, കവിത ചേളന്നൂർ, വാഴയിൽ ശിവദാസ് എന്നിവർ സോഷ്യൽ ഓഡിറ്റിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി നടന്ന അവസാന പൊതുസഭ ചെമ്പുകടവ് ഗവ യു.പി. സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു.'സോഷ്യൽ ഓഡിറ്റ് : ലക്ഷ്യവും പ്രവർത്തനങ്ങളും' എന്ന വിഷയത്തിൽ ജില്ലാ ഫെസിലിറ്റേറ്റർ മാടഞ്ചേരി സത്യനാഥൻ വിശദീകരണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കുഴി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, എ. ഇ. ഒ. പ്രമോദ് എന്നിവർ സംസാരിച്ചു.ചെമ്പുകടവ് ഗവ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതവും പി.എം പോഷൺ ഫെസിലിറ്റേറ്റർ സുനിൽ ബാലുശ്ശേരി നന്ദിയും പറഞ്ഞു
സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്കൂൾ സഭകളിലും ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച പൊതുസഭകളിലും ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പ്, ഗുണഭോക്താക്കളുടെ പങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പൊതുസഭകളിൽ ചർച്ച ചെയ്തു.
- Log in to post comments