‘ദാക്ഷായണി' സ്വയംതൊഴില്‍ സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'ദാക്ഷായണി സ്വയംതൊഴില്‍ സഹായ പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സംരംഭകത്വവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചോ അതിലധികമോ വനിതകള്‍ അംഗങ്ങളായിട്ടുള്ളതും, ജില്ലാ രജിസ്ട്രാര്‍ ഓഫീസ്/കുടുംബശ്രീ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്വയംസഹായ സംഘങ്ങള്‍, പുതിയ സംരംഭം ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന വനിതകള്‍ (വ്യക്തിഗതം) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓരോ അംഗങ്ങളുടെയും കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ 21 നും 55 നും ഇടയില്‍ പ്രായമുള്ള ഏഴാം ക്ലാസ് ജയിച്ചവരായിരിക്കണം. ഒരു ഗ്രൂപ്പില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടാകരുത്. പുതിയ സംരംഭം തുടങ്ങുന്നതിന് ഗ്രൂപ്പുകള്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി അഞ്ച് ലക്ഷം രൂപയും), വ്യക്തികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള പ്രോജക്ട് കോസ്റ്റിന്റെ 75 ശതമാനം (പരമാവധി 3,75,000 രൂപ) സബ്സിഡിയായി അനുവദിക്കും. പദ്ധതി തുക ഗ്രൂപ്പുകള്‍/വ്യക്തികള്‍ ബാങ്ക് വായ്പയായി സമാഹരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31നകം അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.
- Log in to post comments