Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് (സെക്യുര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതിയിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. ഒരു വീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വരുമാന പരിധി. 2006 ഏപ്രില്‍ ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയിട്ടുള്ള 1000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ ഉള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈപ്പറ്റിയവരെയും പരിഗണിക്കില്ല. മൂന്നു ഗഡുക്കളായാണ് തുക വിതരണം. മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിത്വ ടോയ്‌ലറ്റ് നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ളോറിംഗ് ടൈല്‍ പാകല്‍, സമ്പൂര്‍ണ പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ്, ചുവര്‍ പെയിന്റ്ിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മാണ ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് ആകെ അനുവദിക്കുന്ന രണ്ട് ലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു 1,00,000 രൂപയും മൂന്നാം ഗഡു 50,000 രൂപയും ആണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്. വീടിന്റെ മേല്‍ക്കൂര പൂര്‍ത്തിയാക്കാത്തതിനാല്‍ നാലാം ഗഡു കിട്ടാത്തവര്‍ക്ക് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുക അനുവദിക്കും. തുടര്‍ന്ന് നാലാം ഗഡു ലഭിക്കുമ്പോള്‍ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കണം. മേല്‍ക്കൂര ഷീറ്റിട്ടവര്‍ക്ക് പകരം കോണ്‍ക്രീറ്റു ചെയ്യാനും തുക അനുവദിക്കും. മേല്‍ക്കൂരയും ശൗചാലയവും ഇല്ലാത്ത, പൂര്‍ത്തിയാക്കാത്ത കുടുംബങ്ങള്‍, വനിതകള്‍ മാത്രമുള്ള കുടുംബം, ഭിന്നശേഷിക്കാര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, വിധവകള്‍ തുടങ്ങിയ 10 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലയ്ക്കും നിര്‍മിച്ച് പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്കും സഹായം ലഭിക്കും. അപേക്ഷകര്‍ ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും ബ്ലോക്ക്, ജില്ല പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322712.

date