കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണം: മന്ത്രി ഷിബു ബേബി ജോണ്‍ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം സംഘടിപ്പിച്ചു
കൊല്ലത്തെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്ലാനിങ് ബോര്‍ഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വനം-വന്യജീവി, നൈപുണ്യവികസന മന്ത്രി ഷിബു ബേബി ജോണ്‍. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ജില്ലാതല അഭിപ്രായ രൂപീകരണ യോഗം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു കാലത്ത് ലോകവുമായി നേരിട്ട് വ്യാപാരബന്ധമുള്ള തുറമുഖവും തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനവുമായിരുന്നു കൊല്ലമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നിര്‍ഭാഗ്യവശാല്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് കൊല്ലം. കശുവണ്ടി വ്യവസായം അസ്തമിച്ചതുപോലെയാണ്. മത്സ്യമേഖല പ്രതിസന്ധിയിലാണ്. കരിമണല്‍ മേഖലയും നിശ്ചലാവസ്ഥയിലാണ്. കടലും കായലും മലനിരകളുമെല്ലാം ഉണ്ടായിട്ടും കൊല്ലം ടൂറിസം ഭൂപടത്തില്‍ ഒരിടത്തും എത്തിയിട്ടില്ല. കൊല്ലം ജില്ലയുടെ സമഗ്രവികസനത്തിന് ഈ മേഖലകളിലെല്ലാം മാറ്റം വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ലക്ഷത്തോളം സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരുന്ന കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ അത് കൊല്ലം ജില്ലയെ തന്നെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയായി മാറും. കരിമണല്‍ വ്യവസായത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും ഈ മേഖലയില്‍ സാങ്കേതിക പങ്കാളികളെ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളിലെ ഭൂമി ഉപയോഗപ്പെടുത്തണമെന്നും പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരുകയും അവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഓഹരി പങ്കാളിത്തം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാലേ മാറ്റം കൊണ്ടുവരാനാകൂവെന്നും 15ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാതല അഭിപ്രായ രൂപീകരണയോഗങ്ങള്‍ നടത്തുന്നതിന് ആസൂത്രണ ബോര്‍ഡിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വനിത- ശിശുവികസന, തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി പുതുയുഗ കേരളം നിര്‍മിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്ന ഈ ഘട്ടത്തില്‍ ഓരോ രൂപയും മികച്ച ആസൂത്രണത്തോടെ ചെലവഴിക്കാനും അത് യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും വ്യക്തികളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇതിന് നിയമങ്ങളിലും ചട്ടങ്ങളിലും ക്രമീകരണം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കും. കൊല്ലം ജില്ലയുടെ വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ആമുഖപ്രഭാഷണം നടത്തി. സര്‍ക്കാര്‍ നിക്ഷേപം കൊണ്ട് മാത്രം സംസ്ഥാനങ്ങള്‍ക്കോ രാജ്യങ്ങള്‍ക്കോ ഇന്ന് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയെ പങ്കാളിത്ത സമ്പദ് വ്യവസ്ഥയാക്കി മാറ്റണമെന്നും അതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും ഒക്കെ ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പെടുക്കലാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതികളുടെ റിസള്‍ട്ട് അധിഷ്ഠിത പ്ലാനാണ് തയ്യാറാക്കുന്നതെന്നും ഇത് നിരന്തരം നിരീക്ഷിക്കാവുന്ന സ്മാര്‍ട്ട് മോഡലിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ബി ബി ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ നിന്നുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നൂതനമായ കോഴ്‌സുകള്‍ കൊണ്ടുവരണമെന്നും അടിസ്ഥാനസൗകര്യമേഖലയില്‍ വികസനം കൊണ്ടുവരാന്‍ സൂക്ഷമമായ പ്ലാനിങ് വേണമെന്നും എംഎം നസീര്‍ എംഎല്‍എ പറഞ്ഞു.
മേയര്‍ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ജി ഉല്ലാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പതിനഞ്ചാം പഞ്ചവത്സര പദ്ധതി പൊതുജന പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം ജില്ലയുടെ പ്രധാന വികസന മുന്‍ഗണനകളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്നതിന് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടന സെഷനുശേഷം നടന്ന ചര്‍ച്ചയില്‍ എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, മാലിന്യസംസ്‌കരണം, സ്ത്രീകളും കുട്ടികളും, വനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയും, പഞ്ചായത്തുകളും ബ്ലോക്കുകളും നഗസരഭകളും പദ്ധതി നടത്തിപ്പില്‍ നേരിടുന്ന പ്രായോഗിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ പ്ലാനിങ് ഓഫീസ് ക്രോഡീകരിച്ച് സംസ്ഥാന ആസൂത്രണബോര്‍ഡിന് കൈമാറും.
ത്രിതലപഞ്ചായത്തുകള്‍ സംസ്ഥാനത്തിന്റെ കുതിപ്പിലെ ഗ്രോത്ത് എഞ്ചിനുകളാണെന്നും വിഭവസമാഹരണത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ മറികടക്കാന്‍ ആസൂത്രണ ബോര്‍ഡിന്റെ സഹായം ഉണ്ടാകുമെന്നും ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് ആസൂത്രണ ബോര്‍ഡ് അംഗം ശ്രീധര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ ജില്ലയിലെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖറും ബോര്‍ഡ് അംഗവും ചര്‍ച്ച നടത്തി.
- Log in to post comments