Skip to main content

ദ്വിദിന സ്റ്റുഡന്റ്സ് കോൺക്ലേവിന് തുടക്കം

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന സ്റ്റുഡന്റ്സ് കോൺക്ലേവിന് തുടക്കം. കോൺക്ലേവിന്റെ ഉദ്ഘാടനം നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു.  ഭരണഘടനാ മൂല്യങ്ങൾ എക്കാലവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവജനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ വെടിയുണ്ടയേക്കാൾ ശക്തിയുള്ളത് വോട്ടവകാശത്തിനാണെന്ന് പരിപാടിയിൽ  അധ്യക്ഷനായ പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. രാജ്യസ്നേഹവും പൗരബോധവും രാഷ്ട്രീയ അവബോധവും വിദ്യാർഥികൾക്ക് ഉണ്ടാവണം. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും മികച്ച ഭരണാധികാരികളെ വാർത്തെടുക്കുന്നതിലും വിദ്യാർഥി രാഷ്ട്രീയം നിർണായകപങ്കുവഹിക്കുന്നുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യപ്രഭാഷണത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയത്തിന് തടസ്സമാകുന്ന ഒരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.   വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ, ഗുണ്ടാപ്രവർത്തനങ്ങൾ, ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം തകർക്കൽ എന്നിവ ഒരു കാരണവശാലും അംഗീകരിക്കില്ല.  അതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മുൻമന്ത്രി കെ. രാജൻ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ  ഡോ. ജുവൽ ജോൺ ആലപ്പാട്ട്, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായ പാർലമെന്ററികാര്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ജനാധിപത്യം, പാർലമെന്ററി സംവിധാനം, സാമൂഹികനീതി, പൗരബോധം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ധരുടെ വിവിധ സെഷനുകളും കോൺക്ലേവിൽ ഒരുക്കിട്ടുണ്ട്.

പി.എൻ.എക്‌സ്. 4214/2026

date