Skip to main content

ഭിന്നശേഷി കലാപ്രതിഭകൾക്ക് കരുത്തായി 'റിഥം' വെർച്വൽ പ്ലേറ്റ്ഫോം

* ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

           സംസ്ഥാനത്തെ ഭിന്നശേഷി കലാപ്രതിഭകൾക്ക് തങ്ങളുടെ സർഗാവിഷ്‌കാരങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ അവസരമൊരുക്കി 'റിഥം' വെർച്വൽ പ്ലേറ്റ്ഫോമിന് തുടക്കമായി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കവടിയാർ ഹൗസിൽ മത്സ്യബന്ധന-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

           ഭിന്നശേഷിക്കാർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന 'അനുയാത്ര' പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന 'അനുയാത്ര റിഥം' എന്ന സംസ്ഥാനതല ആർട്ട് ട്രൂപ്പിന് പുറമെ എല്ലാ ജില്ലകളിലും പുതിയ ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കും. ഓരോ ജില്ലയിൽ നിന്നും പ്രത്യേകം കണ്ടെത്തുന്ന പ്രതിഭകളുടെ കലാപ്രകടനങ്ങൾ ഈ വെർച്വൽ പ്ലേറ്റ്ഫോമിലൂടെ അവതരിപ്പിക്കും. യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി ഈ പ്രകടനങ്ങൾ സ്ട്രീം ചെയ്യുകയും, അതിൽ നിന്നുള്ള മോണിറ്റൈസേഷൻ വരുമാനം പൂർണ്ണമായും ഭിന്നശേഷി കലാകാരന്മാർക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഇവരുടെ കലാപ്രകടനങ്ങൾ ഡോക്യുമെന്റ് ചെയ്ത് ആർക്കൈവ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വെർച്വൽ പ്ലേറ്റ്ഫോമിന് പുറമെ സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിലും മറ്റ് കലാ-സാംസ്‌കാരിക വേദികളിലും 'അനുയാത്ര റിഥം' പ്രതിഭകൾക്ക് ഇനിമുതൽ അവസരമൊരുക്കും. ഈ വേദികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും പൂർണ്ണമായും കലാകാരന്മാർക്ക് തന്നെ നൽകും. വെർച്വൽ പ്ലേറ്റ്ഫോമിന്റെയും ട്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ സാമൂഹ്യ സുരക്ഷാ മിഷൻ വിലയിരുത്തുകയും പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് കലാകാരന്മാർക്ക് ആവശ്യമായ തുടർ പിന്തുണയും പരിശീലനവും ഉറപ്പാക്കുകയും ചെയ്യും.

പി.എൻ.എക്‌സ്. 4218/2026

date